പാലക്കാട് : കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ഷോളയൂർ വെച്ചപ്പതി സ്വദേശി മുരുകനാണ് (55) പരിക്കേറ്റത്. ഊരിൽ നിന്നും ഒരു കിലോമീറ്റർ അകലെ വനത്തിനോട് ചേർന്നുള്ള കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇയാളുടെ കാലിലെ എല്ലുകൾക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്.
രാത്രി 11 മണിക്കിറങ്ങിയ കാട്ടാനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് ഓടിച്ചിരുന്നു. ശേഷം ഉദ്യോഗസ്ഥർ തിരികെ സ്റ്റേഷനിലെത്തിയതിന് പിന്നാലെ പുലർച്ചെ നാല് മണിയോടെ ആന വീണ്ടും ഇറങ്ങുകയായിരുന്നു. ആ സമയത്ത് തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് മുരുകന് പരിക്ക് പറ്റിയത്.