പാലക്കാട് : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് സമാനമായ തട്ടിപ്പ് പാലക്കാടും. കോണ്‍ഗ്രസ് ഭരിക്കുന്ന കുഴല്‍മന്ദം ബ്ലോക്ക് റൂറല്‍ ക്രെഡിറ്റ് സഹകരണ സംഘത്തിലാണ് 4 കോടി 85 ലക്ഷം രൂപയുടെ തട്ടിപ്പ്. ക്രമക്കേടിന് ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ രജിസ്ട്രാര്‍ പാലക്കാട് ജോയിന്റ് രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്കി രണ്ട് മാസമായി.
മൂന്ന് വര്‍ഷമായിട്ടും പണമോ പലിശയോ ലഭിച്ചിട്ടില്ലെന്നും നിക്ഷേപകര്‍ പറയുന്നു. നിക്ഷേപകരുടെ പരാതിയെ തുടര്‍ന്നാണ് സഹകരണ സംഘം രജിസ്ട്രാര്‍ പാലക്കാട് ജോയിന്റ് രജിസ്ട്രാര്‍ക്ക് നടപടി വേണമെന്നാവശ്യം ഉന്നയിച്ചത്. ഗുരുതര ക്രമക്കേട് വ്യക്തമായ സാഹചര്യത്തില്‍ ക്രിമിനല്‍ നടപടി സ്വീകരിച്ചുകൊണ്ട് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം.
കഴിഞ്ഞ ഏപ്രില്‍ എട്ടിന് ഉത്തരവ് ലഭിച്ചിട്ടും ഇതുവരെ ഒരു നടപടിയുമുണ്ടായില്ല. നഷ്ടമായ തുക മുന്‍ ഭരണസമിതി അംഗങ്ങളില്‍ നിന്ന് ഈടാക്കണമെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു.