പാലക്കാട്:അട്ടപ്പാടിയില്‍വിസ വാഗ്‌ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി യുവാക്കളുടെ പരാതി. പത്തിരിപ്പാല സ്വദേശി അബ്ദുൽ സലാമിനെതിരെയാണ് അട്ടപ്പാടി ഒമ്മല സ്വദേശി പൗലോസ്, കണ്ടിയൂർ സ്വദേശി ജസ്റ്റിൻ എന്നിവർ പൊലീസില്‍ പരാതി നല്‍കിയത്. സമൂഹ മാധ്യമങ്ങളില്‍ പരസ്യം കണ്ടാണ് യുവാക്കൾ ഇയാളെ ബന്ധപ്പെടുന്നത്. ഒരു മാസത്തിനകം വിസ എത്തിക്കാമെന്ന ഉറപ്പില്‍ ജനുവരി ഒന്നിന് ആദ്യ ഗഡുവായി രണ്ട് ലക്ഷം രൂപ കൈപ്പറ്റിയെന്നും ഇവര്‍ പറയുന്നു. തുടർന്ന് അസർബെയ്‌ജാനിലേക്ക് 30 ദിവസം കാലാവധിയുള്ള ടൂറിസ്റ്റ് വിസ നൽകുകയും പിന്നീട് സ്ഥിര വിസ ശരിയാക്കി നൽകാമെന്നുമുള്ള ഉറപ്പിൽ ജനുവരി 15ന് ആറര ലക്ഷം രൂപ കൂടി അബ്ദുൽ സലാം കൈപ്പറ്റിയെന്നുമാണ് പരാതി.
അട്ടപ്പാടിയില്‍ വിസ തട്ടിപ്പിനിരയായെന്ന് യുവാക്കളുടെ പരാതി
വിസ വാഗ്‌ദാനം ചെയ്ത് പത്തിരിപ്പാല സ്വദേശി അബ്ദുൽ സലാം രണ്ടു യുവാക്കളില്‍ നിന്നായി എട്ടര ലക്ഷത്തോളം രൂപ കൈപ്പറ്റിയെന്നാണ് പരാതി. ഇയാള്‍ക്ക് വിദേശത്തേക്ക് തൊഴിലാളികളെ കയറ്റി അയക്കുന്നതിന് സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള അംഗീകാരമില്ലെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.
പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും അനുകൂല പ്രതികരണമൊന്നും ലഭിക്കാതെ വന്നതോടെ ഇരുവരും ഇയാളെ നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഗുണമുണ്ടായില്ല. പണം തിരികെ നൽകാൻ ആവശ്യപ്പെട്ടിട്ടും അനുകൂല പ്രതികരണം ഇല്ലാത്ത സാഹചര്യത്തിലാണ് യുവാക്കള്‍ ഒറ്റപ്പാലം പൊലീസില്‍ പരാതി നൽകിയത്. പലയിടങ്ങളിൽ നിന്നായി കടം വാങ്ങിയും സ്വർണം പണയം വെച്ചുമാണ് പണം കണ്ടെത്തിയത്. കടം തന്നവർക്ക് തുക മടക്കി നൽകാൻ ബിരുദാനന്തര ബിരുദധാരികളായ ചെറുപ്പക്കാർ കൊവിഡ് കാലഘട്ടത്തിലും കൂലിപ്പണിക്ക് പോകുകയാണ്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ അബ്ദുൾ സലാമിന് വിദേശത്തേക്ക് തൊഴിലാളികളെ കയറ്റി അയക്കുന്നതിന് സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള അംഗീകാരമില്ലെന്ന് വ്യക്തമായി. നിരവധി പേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും കൂടുതൽ അന്വേഷണങ്ങൾ നടത്തിയാൽ വലിയ തട്ടിപ്പുകളുടെ കഥകൾ പുറത്തു വരുമെന്നും ഈ ചെറുപ്പക്കാർ ആരോപിക്കുന്നു. എത്രയും വേഗം നഷ്ടമായ തുക തിരിച്ച് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.