പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ സ്പെഷൽ പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി രാജേന്ദ്രനെ നിയമിക്കാന്‍ ധാരണയായി. നിയമന ഉത്തരവ് അടുത്ത ദിവസമുണ്ടാകും. പാലക്കാട്ടെ അഭിഭാഷകന്‍ രാജേഷ് എം മേനോനെ അഡീഷണല്‍ സ്പെഷൽ പ്രോസിക്യൂട്ടറായും നിയമിക്കും. ഇരുവരുടെയും നിയമനത്തിന് ഡയറക്‌ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി) ശിപാര്‍ശ നൽകി.
മധുവിന്‍റെ വീട്ടുകാരും ആദിവാസി ആക്ഷന്‍ കൗണ്‍സിലും കൂടിയാലോചിച്ച് നല്‍കിയ പേരുകളില്‍ നിന്നാണ് നിയമനം നടത്തുന്നത്. വിചാരണ വൈകുന്നതും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഒഴിഞ്ഞതും പ്രതികള്‍ക്ക് ഡിജിറ്റല്‍ തെളിവുകളുടെ കോപ്പികള്‍ നൽകാന്‍ കാലതാമസമുണ്ടായതും വിവാദമായിരുന്നു.
നടപടികളില്‍ പൊലീസിന് വീഴ്‌ച സംഭവിച്ചെന്ന ആരോപണവും ഉയര്‍ന്നു. ഇതിനിടെ വിചാരണ വേഗത്തിലാക്കാന്‍ ഹൈക്കോടതി ഇടപെട്ടു. പ്രോസിക്യൂട്ടറെ നിയമിച്ചാല്‍ എത്ര ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഹൈക്കോടതി ജില്ല കോടതിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. വിചാരണയുടെ പുരോഗതി സംബന്ധിച്ച് ആഴ്‌ച തോറും സ്പെഷല്‍ കോടതി റിപ്പോര്‍ട്ട് നൽകണം.