എറണാകുളം:അട്ടപ്പാടി മധു വധക്കേസിന്‍റെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. മധുവിന്‍റെ അമ്മ മല്ലി നൽകിയ ഹർജിയിലാണ് നടപടി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷയിൽ സർക്കാർ നടപടി ഉണ്ടാകുന്നത് വരെ വിചാരണ തടയണമെന്നായിരുന്നു ആവശ്യം. ഹർജിയിൽ സർക്കാരിന്‍റെ നിലപാട് തേടിയ കോടതി, 10 ദിവസത്തിനു ശേഷം കേസ് വീണ്ടും പരിഗണിക്കും.
അട്ടപ്പാടി മധു വധക്കേസ്; വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു - അട്ടപ്പാടി മധു വധക്കേസ്
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷയിൽ സർക്കാർ നടപടി ഉണ്ടാകുന്നത് വരെ വിചാരണ തടയണമെന്നായിരുന്നു ആവശ്യം. ഹർജിയിൽ സർക്കാരിന്‍റെ നിലപാട് തേടിയ കോടതി, 10 ദിവസത്തിനു ശേഷം കേസ് വീണ്ടും പരിഗണിക്കും.
സ്പെഷ്യൽ പ്രോസിക്യൂട്ടറായ സി രാജേന്ദ്രനെ മാറ്റി പകരം അഡി പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം. മേനോനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ജൂൺ 12 നാണ് മധുവിന്‍റെ കുടുംബം സർക്കാരിന് അപേക്ഷ നൽകിയത്. ഇതിൽ തീരുമാനം വരുന്നതുവരെ പാലക്കാട് മണ്ണാർക്കാട് സ്പെഷ്യൽ കോടതിയിൽ നടന്നു വരുന്ന കേസിന്‍റെ വിചാരണ നിര്‍ത്തിവെക്കണമെന്നും വിചാരണ തുടർന്നാൽ തനിക്കു നീതി ലഭിക്കില്ലെന്നുമായിരുന്നു മധുവിന്‍റെ കുടുംബത്തിന്റെ വാദം.
കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കെ മധുവിന്‍റെ ബന്ധുവടക്കമുള്ള 10, 11 സാക്ഷികൾ കൂറി മാറിയിരുന്നു. ഇത് പ്രോസിക്യൂട്ടറുടെ വീഴ്ചയാണെന്നും വാദം നടത്തുന്നതിൽ പരിചയക്കുറവുള്ള പ്രോസിക്യൂട്ടർ വീണ്ടും കേസ് നടത്തിയാൽ പ്രതികൾ രക്ഷപ്പെടുമെന്നും ഹർജിക്കാരി കോടതിയെ ബോധിപ്പിച്ചു. തുടർന്നാണ് സിംഗിൾ ബഞ്ച് വിചാരണ നടപടികൾക്ക് സ്റ്റേ അനുവദിച്ചത്.