പാലക്കാട്:വാളയാർ കേസിൽ പുനർവിചാരണയ്ക്ക് കോടതി ഉത്തരവിട്ടതോടെ മകന്‍റെ മരണത്തിന് ഉത്തരവാദിയായവർക്കെതിരെ നടപടി തേടി ഒരമ്മ. പ്രതിപ്പട്ടികയിൽ ഉൾപ്പെടാത്ത ജോൺ പ്രവീൺ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിരുന്നു. തുടർന്ന് ജോൺ പ്രവീൺ ജീവനൊടുക്കി. മകനെ മർദിച്ച് കുറ്റം സമ്മതിപ്പിക്കാൻ ശ്രമിച്ച ഡിവൈഎസ്‌പിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ജോൺ പ്രവീണിന്‍റെ അമ്മ എലിസബത്ത് റാണി പറഞ്ഞു.
വാളയാർ കേസ്; ജോണ്‍ പ്രവീണിന്‍റെ മരണത്തിൽ നീതി തേടി അമ്മ - നിരപരാധിയായ മകന്‍റെ മരണത്തിൽ നീതി തേടി ഒരമ്മ
പ്രതിപ്പട്ടികയിൽ ഉൾപ്പെടാത്ത ജോൺ പ്രവീൺ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിരുന്നു. തുടർന്ന് ജോൺ പ്രവീൺ ജീവനൊടുക്കി
പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്‌ത ശേഷം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താതെ പ്രവീണിനെ വിട്ടയച്ചെങ്കിലും 2017 ഏപ്രിൽ 25ന് വീണ്ടും സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. അന്ന് തന്നെ വീടിന് സമീപം പ്രവീണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആദ്യ ചോദ്യം ചെയ്യലിനുശേഷം തിരികെ വരുമ്പോൾ പ്രവീണിന്‍റെ ശരീരമാസകലം പരിക്കേറ്റിരുന്നു. കാലിൽ രക്തം കട്ടപിടിച്ചിരുന്നതിനാൽ നടക്കാൻപോലും കഴിയാത്ത അവസ്ഥയായിരുന്നുവെന്നും പ്രവീണിന്‍റ അമ്മ പറയുന്നു.
വീട്ടിൽനിന്ന് കൊണ്ടുപോയി ഒരു ദിവസം കഴിഞ്ഞും കാണാതായതോടെ താൻ നേരിട്ട് പുതുശ്ശേരി കസബ സിഐ ഓഫീസിലെത്തി അന്വേഷിച്ചപ്പോൾ മകനെ കൊണ്ടുവന്നിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. എന്നാൽ മകന്‍റെ ചെരിപ്പ് സിഐ ഓഫിസിനു മുന്നിൽ കിടക്കുന്നതുകണ്ട് കരഞ്ഞ് അപേക്ഷിച്ചപ്പോഴാണ് അകത്തുണ്ടെന്ന് സമ്മതിച്ചതും വിട്ടയയ്ക്കാൻ തയാറായതെന്നും എലിസബത്ത് റാണി പറഞ്ഞു. മുഖ്യപ്രതിയുടെ സുഹൃത്തായതിന്‍റെ പേരിൽ മർദിച്ചു കുറ്റം സമ്മതിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചത്. രണ്ടാമതും സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടപ്പോൾ പ്രതിയാക്കുമെന്ന് ഭയന്നും കുടുംബത്തിനുണ്ടായ അപമാനത്താലുമാണ് മകൻ ജീവനൊടുക്കിയത്. മരണം നടന്ന ദിവസമോ പിന്നീടോ പൊലീസുകാർ വീട്ടിലെത്തുകയോ മൊഴിയെടുക്കുകയോ ചെയ്‌തിട്ടില്ലെന്ന് എലിസബത്ത് റാണി പറഞ്ഞു.