പാലക്കാട്:നികുതി വെട്ടിച്ച് ഊടുവഴിയിലൂടെ അമിതഭാരവുമായി എത്തിയ 11 ടോറസ് ലോറികൾ പൊലീസ് പിടികൂടി. തമിഴ്‌നാട്ടിൽ നിന്ന് അമിതഭാരം കയറ്റി ചെക് പോസ്റ്റ് വെട്ടിച്ച് കരിങ്കല്ലുമായി വന്ന ലോറികളെയാണ് വെള്ളിയാഴ്‌ച കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടി 33.3 ലക്ഷം രൂപ പിഴയിട്ടത്.
തമിഴ്‌നാട്ടിലെ കിണത്തുക്കടവ് ഭാഗത്തുനിന്ന് കരിങ്കല്ല് കയറ്റി വന്ന ലോറികൾ വേലന്താവളം ആർടിഒ ചെക് പോസ്റ്റിൽ എത്താതെ ഒഴലപ്പതി - മേനോൻപാറ പാതയിലൂടെ കടക്കാൻ ശ്രമിക്കവേയാണ് പിടിയിലായത്. കൊഴിഞ്ഞാമ്പാറ സിഐ എം ശശിധരൻ, എസ്ഐ വി ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ വാഹനങ്ങൾ പിഴയിടാക്കിയ ശേഷം വിട്ടുനൽകി.
ഊടുവഴിയിലൂടെ കല്ല് കടത്തുന്നതിനാൽ പ്രതിദിനം സർക്കാരിന് ലക്ഷക്കണക്കിന് രൂപയാണ് നഷ്‌ടമാകുന്നത്. പരമാവധി മൂന്നു മുതൽ അഞ്ച് വർഷം വരെയാണ് ഗ്രാമീണ മേഖലയിലെ പഞ്ചായത്തു റോഡുകളുടെ കാലാവധി. ചെറിയ വാഹനങ്ങളെ മാത്രം ഉദ്ദേശിച്ച് പണിത ഇത്തരം റോഡുകളെ തകർത്തു തരിപ്പണമാക്കിയാണ് തമിഴ്‌നാട്ടിൽ നിന്ന് അമിതഭാരം കയറ്റി ടോറസ് ലോറികൾ കടന്നുവരുന്നത്. റോഡുകൾ തകർന്നുള്ള അപകടവും പതിവായി.