മലപ്പുറം: രാജ്യത്തെ ജനങ്ങളെ ദുരിതങ്ങളുടെ ആഴക്കടലിലേക്ക് തള്ളിവിട്ട കേന്ദ്രസര്‍ക്കാരിനെക്കുറിച്ച് യുഡിഎഫ് ജാഥയില്‍ ഒരു സ്ഥലത്ത് പോലും സംസാരിക്കുന്നില്ലെന്നത് സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ധാരണയുടെ തെളിവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു. എല്‍ഡിഎഫ് വികസമുന്നേറ്റ ജാഥക്ക് മലപ്പുറം ജില്ലയില്‍ ഒരുക്കിയ വിവിധ സ്വീകരണയോഗങ്ങളില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
കര്‍ഷകരെയും തൊഴിലാളികളേയും അങ്ങേയറ്റം വേദനിപ്പിക്കുന്ന മോദി സര്‍ക്കാരിനെതിരെ മൗനം പാലിക്കുന്ന ചെന്നിത്തലയും കൂട്ടരും സാധാരണക്കാരുടെ ജീവിത പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്ന മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി പോലും ആക്രമിക്കുകയും അവാസ്തവങ്ങള്‍ പ്രചരിപ്പിക്കുയും ചെയ്യുന്നു. കഴിഞ്ഞ ഒരാഴ്ചക്കകം തന്നെ പെട്രോള്‍ ലിറ്ററിന് 10 രൂപ അധികമായി. 100 രൂപയുടെ വര്‍ധനവ് പാചക വാതകത്തിനുണ്ടായി. ഇത്തരത്തില്‍ ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ പൂര്‍ണ നിശബ്ദതയാണ് കോണ്‍ഗ്രസ് തുടരുന്നത്. ബിജെപിയെ പ്രതിരോധിക്കാനുള്ള പ്രാപ്തി കോണ്‍ഗ്രസ് നേതൃത്വത്തിനില്ല. ബിജെപിയെ എതിര്‍ക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെ നീങ്ങാന്‍ ദുഷ്പ്രചരണവുമായി വന്നവര്‍ യഥാര്‍ഥത്തില്‍ ബിജെപിയുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. രമേശ് ചെന്നിത്തലക്ക് എങ്ങനെയെങ്കിലും വിവാദമുണ്ടാക്കാനാണ് താല്‍പര്യം. ഒരു കടലാസെടുത്ത് ഹാജരാക്കുക എന്നത് പ്രതിപക്ഷ നേതാവിന്‍റെ കൈത്തൊഴിലാണ്. അതിന് വിശ്വാസ്യത വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമില്ല. 'ജിം' എന്ന പരിപാടി ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്ന് നടപ്പിലാക്കിയതാണ്. എത്ര എംഒയു ആണ് ഒപ്പിട്ട് പോയത്. സെക്രട്ടേറിയറ്റ് വില്‍ക്കാനുള്ള എംഒയു ഉണ്ടോ എന്ന് പോലും തപ്പിനോക്കിയാലേ മനസിലാകൂ.