മലപ്പുറം:അതിഥി തൊഴിലാളികളുടെ ക്ഷേമം വിലയിരുത്താൻ മലപ്പുറം വിജിലന്‍സ് ഡിവൈഎസ്‌പി എം.രാമചന്ദ്രന്‍റെ നേതൃത്വത്തിൽ ചാലിയാർ പഞ്ചായത്ത് സന്ദര്‍ശിച്ചു. മൈലാടി അമൽ കോളേജിലെ ക്യാമ്പിലെത്തിയ സംഘം അവിടെ താമസിപ്പിച്ചിരിക്കുന്ന അതിഥി തൊഴിലാളികളുമായി സംവദിച്ചു. 62 ഒറീസ സ്വദേശികളും 22 ബീഹാർ സ്വദേശികളും അസം, മഹാരാഷ്ട്ര, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 110 പേരുമാണ് ഇവിടെ താമസിക്കുന്നത്.
അതിഥി തൊഴിലാളികളെ സന്ദര്‍ശിച്ച് വിജിലന്‍സ് ഡിവൈഎസ്‌പി - migrant workers news kerala
മൈലാടി അമൽ കോളേജിലെ ക്യാമ്പിലെത്തിയ സംഘം അവിടെ താമസിപ്പിച്ചിരിക്കുന്ന അതിഥി തൊഴിലാളികളുമായി സംവദിച്ചു
ഭക്ഷണമുൾപ്പടെയുള്ള സൗകര്യങ്ങൾ ലഭ്യമാണെന്നും മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും അതിഥി തൊഴിലാളികള്‍ പറഞ്ഞതായി ഡിവൈഎസ്‌പി പറഞ്ഞു. തങ്ങളുടെ വീടുകളിലേക്ക് മടങ്ങാനുള്ള ആഗ്രഹം അവർ അറിയിച്ചുവെങ്കിലും ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ പൊതുഗതാഗത സൗകര്യമില്ലാത്തത് ഡിവൈഎസ്‌പി തൊഴിലാളികളെ ബോധ്യപ്പെടുത്തി.
റെഡ് സോണിലുള്ള ജില്ലയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതിയില്ല. എന്നാൽ അതിഥി തൊഴിലാളികൾ ജില്ലയില്‍ കെട്ടിട നിർമാണ പ്രവൃത്തി ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥന് കൈമാറുമെന്നും ചിലയിടങ്ങളില്‍ അധികൃതരുടെയും പൊലീസിന്‍റെയും മൗനാനുവാദത്തോടെയാണ് പ്രവൃത്തി നടക്കുന്നതെന്ന് വിവരം ലഭിച്ചതായും ഡിവൈഎസ്‌പി പറഞ്ഞു. ഇത് സംബന്ധിച്ച് നടപടി എടുക്കാൻ നിലമ്പൂർ സിഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സ് ഇൻസ്പെക്ടർ എം.ഗംഗാധരൻ, എസ്.ഐ പി.മോഹൻദാസ്, സിവിൽ പൊലീസ് ഓഫീസർമാരായ പി.ജെസീർ, ടി.മണികണ്ഠൻ, എം.സ്വഫൂർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.