മലപ്പുറം : സിന്തറ്റിക് ലഹരി മരുന്ന് ഇനത്തില്‍പ്പെട്ട എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയില്‍. കിഴിശ്ശേരി സ്വദേശി കളത്തിങ്ങല്‍ അനൂപ് (27), കോഴിക്കോട് അഴിഞ്ഞിലം സ്വദേശി മേലെ പള്ളിക്കാത്തൊടി സജിത്ത് (33) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 31 ഗ്രാം എം.ഡി.എം.എ പിടികൂടി.
അരീക്കോട് ബസ് സ്റ്റാൻഡ് പരിസരത്തുവച്ചാണ് പ്രതികളെ മലപ്പുറം ജില്ല ഡന്‍സാഫ് ടീമും അരീക്കോട് പൊലീസും ചേര്‍ന്ന് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നും ബസില്‍ കോഴിക്കോടെത്തി ചില്ലറ വിൽപ്പനക്കായി അരീക്കോട് ബസ് സ്റ്റാൻഡ് പരിസരത്ത് നിൽക്കുന്ന സമയത്താണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്.
മലപ്പുറം കോഴിക്കോട് ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്ക് ലഹരി വില്‍ക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവർ. പിടിയിലായ സജിത്തിന് വാഴക്കാട് സ്റ്റേഷനില്‍ കൊലപാതക ശ്രമത്തിന് ഒരു കേസും, അനൂപിന് കൊണ്ടോട്ടിയില്‍ ഒരു കേസും നിലവിലുണ്ട്. ഇവര്‍ ഉള്‍പ്പെട്ട ലഹരി കടത്ത് സംഘത്തിലെ മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ട്.
2 ദിവസം മുന്‍പ് വിൽപ്പനക്കായി കൊണ്ടുവന്ന 200 ഓളം പാക്കറ്റ് കഞ്ചാവുമായി 2 പേരെ അരീക്കോട് പൊലീസ് പിടികൂടിയിരുന്നു. മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഇവരുമായി ബന്ധപ്പെട്ടവരെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.