മലപ്പുറം: പെരുവമ്പാടം ആദിവാസി കോളനിയിലെ സുന്ദരന്‍റെ കുടുംബം തലചായ്‌ക്കാനിടമില്ലാതെ നാളുകളായി ദുരിതത്തില്‍. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന വീടിന്‍റെ മേല്‍ക്കൂര പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് താല്‍ക്കാലികമായി മറച്ചിരിക്കുകയാണ്. അമ്മയും രണ്ട് സഹോദരന്മാരും കഴിയുന്ന രണ്ട് മുറി വീട്ടിലാണ് കഴിഞ്ഞ ഒന്‍പത് മാസമായി സുന്ദരനും കുടുംബവും താമസിക്കുന്നത്. സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന 13 പേരാണ് ഇവിടെ ദുരിതത്തില്‍ കഴിയുന്നത്.
തലചായ്ക്കാൻ വീടില്ല; അടുക്കളയില്‍ അന്തിയുറങ്ങി ആദിവാസി കുടുംബം
കഴിഞ്ഞ ഒമ്പത് മാസമായി അമ്മയും രണ്ട് സഹോദരന്മാര്‍ക്കും ഒപ്പം രണ്ടു മുറി വീട്ടില്‍ 13 പേരാണ് കഴിയുന്നത്
ഗ്രാമസഭ ചേര്‍ന്നപ്പോള്‍ വീട് അനുവദിച്ചവരുടെ പട്ടികയിലുണ്ടെന്ന് അറിയിപ്പ് ലഭിച്ചിരുന്നു. പിന്നീട് അന്വേഷിച്ചപ്പോള്‍ പട്ടികയില്‍ പേരില്ലെന്ന് പറയുകയായിരുന്നു. ഭാര്യ രതിക്കും നാല് മക്കള്‍ക്കും തലചായ്ക്കാനൊരു വീടിനായി അധികൃതരുടെ കനിവ് കാത്ത് കഴിയുകയാണ് സുന്ദരന്‍.
ഭര്‍ത്താവും മക്കളും ഉള്‍പ്പടെ ആറുപേര്‍ അമ്മ മാതിയുടെ വീടിന്‍റെ അടുക്കളയിലാണ് അന്തിയുറങ്ങുന്നതെന്ന് രതി പറയുന്നു. മഴ പെയ്‌തു തുടങ്ങിയാല്‍ കിടക്കാന്‍ ഇടമില്ലാത്ത സ്ഥിതിയാണെന്ന് മകന്‍ സുബിന്‍ പറയുന്നു. ആദിവാസി ക്ഷേമത്തിനായി പ്രത്യേക വകുപ്പും അതിന്‍റെ ജില്ലാ ഓഫീസ് നിലമ്പൂരിലും പ്രവർത്തിക്കുമ്പോഴാണ് കഴിഞ്ഞ ഒമ്പത് മാസമായി തല ചായ്ക്കാനിടമില്ലാതെ ഈ കുടുംബം ദുരിതം അനുഭവിക്കുന്നത്.