മലപ്പുറം: നാട്ടുവൈദ്യന്‍ ഷാബ ഷെരീഫ് കൊലക്കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിനെ കൊലപാതകം നടന്ന മുക്കട്ടയിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഞായറാഴ്‌ച 10.30 ഓടെ നിലമ്പൂർ പൊലീസ് ഇൻസ്പെക്‌ടര്‍ പി വിഷ്‌ണുവിന്‍റെ നേതൃത്വത്തിലാണ് പൊലീസ് വാഹനത്തിൽ ഷൈബിൻ അഷ്റഫിനെ എത്തിച്ചത്. വീടിനുള്ളിലും വീട്ടുവളപ്പിലുമായി 20 മിനിറ്റിലേറെ തെളിവെടുപ്പ് നടത്തി.
കൊല നടന്ന മുറി, മൃതദേഹം വെട്ടിനുറുക്കിയ ശുചിമുറി, വീടിന്‍റെ ചുറ്റുഭാഗങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പൊലീസിന് ഷൈബിൻ നൽകിയതായാണ് സൂചന. തെളിവെടുപ്പിനിടയിൽ, കാര്യമായി ഒന്നുമില്ലെന്നും കേസിൽ ജയിച്ചുവരുമെന്നും പൊലീസ് ജീപ്പിലേക്ക് കയറ്റുന്നതിനിടയിൽ ഷൈബിൻ അഷ്റഫ് പറഞ്ഞു.
ചന്തക്കുന്നിലെ ഒരു ബേക്കറിയിലും തെളിവെടുപ്പിന്‍റെ ഭാഗമായി പൊലീസെത്തി. മൃതദേഹം ചാലിയാർ പുഴയിൽ തള്ളിയ ശേഷം പ്രതികൾ വിശ്രമിച്ച ലോഡ്‌ജിലും കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. മൃതദേഹ അവശിഷ്‌ടത്തിനായി ചാലിയാർ പുഴയുടെ എടവണ്ണ സീതി ഹാജി പാലത്തിന് സമീപം നാവിക സേനയുടെ തിരച്ചിൽ രണ്ടാം ദിവസവും തുടരുകയാണ്.
കൊല ഒറ്റമൂലിക്ക് വേണ്ടി : 2020ലാണ് കേസിനാസ്‌പദമായ സംഭവം. മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലി തട്ടിയെടുക്കാൻ വേണ്ടിയാണ് മൈസൂർ സ്വദേശിയായ നാട്ടുവൈദ്യൻ ഷാബ ഷെരീഫിനെ പ്രതി കൊലപ്പെടുത്തിയത്. ഷൈബിൻ അഷ്റഫിന്‍റെ വീട്ടിൽ ഒരു വർഷത്തിലേറെ ചങ്ങലക്കിട്ട് പീഡിപ്പിച്ച ശേഷമാണ് ഷാബ ഷെരീഫീനെ പ്രതി ക്രൂരമായി വകവരുത്തിയത്.