മലപ്പുറം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഗൂഡല്ലൂർ സ്വദേശികളായ മൂന്ന് മലയാളി യുവാക്കൾ പൊലീസ് പിടിയിൽ. ഗൂഡല്ലൂർ പന്തല്ലൂർ സ്വദേശികളായ റാഷിദ് (25), മുർഷിദ് കബീർ (19), അൻഷാദ് (24) എന്നിവരാണ് അറസ്റ്റിലായത്. കാറിൽ ഒളിപ്പിച്ച് വിൽപനക്ക് എത്തിച്ച 55 ഗ്രാം ക്രിസ്റ്റൽ എംഡിഎംഎയാണ് കനോലി പ്ലോട്ടിനു സമീപം വെച്ച് പൊലീസ് പിടികൂടിയത്.
ഇതിന് വിപണിയിൽ മൂന്ന് ലക്ഷം രൂപ വില വരുമെന്നാണ് വിവരം. ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്ന് യുവാക്കളെ ലക്ഷ്യം വച്ച് വൻതോതിൽ സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നുകൾ ഗൂഡല്ലൂർ, നാടുകാണി ഭാഗത്തുള്ള പ്രത്യേക കാരിയർമാർ മുഖേന കേരളത്തിലേക്ക് കടത്തുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.