മലപ്പുറം: കുറ്റിപ്പുറത്ത് അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർതൃ മാതാവിനെയും ഭർതൃ സഹോദരിയുടെ മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. തവനൂർ അയങ്കലം വടക്കത്ത് വളപ്പിൽ മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ ഫാത്തിമ (59), ഫാത്തിമ സഹല (18) എന്നിവരാണ് അറസ്റ്റിലായത്. ആതമഹത്യാപ്രേരണകുറ്റം, ഗാർഹിക പീഡനം എന്നി വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.
തിങ്കളാഴ്ച വൈകീട്ടാണ് തവനൂർ അയങ്കലം ഉണ്ണിയമ്പലത്തെ ബത് ബസ്ത്തിന്റെ ഭാര്യ സുഹൈല നസ്റിൻ (19), എട്ട് മാസം പ്രായമായ മകൾ ഫാത്തിമ സഹറ എന്നിവരെ ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സുഹൈലയുമായി ഭർതൃമാതാവും ഭർതൃസഹോദരിയുടെ മകളും വഴക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികൾ നിസാര കാര്യങ്ങൾക്ക് പോലും സുഹൈലയെ മാനസികമായി പീഡിപ്പിക്കുക പതിവായിരുന്നുവെന്നും ഈ വീട്ടുകാർക്ക് അയൽവാസികളുമായി ബന്ധം കുറവായതിനാൽ മറ്റുള്ളവരുമായി ബന്ധപ്പെടാൻ അനുവദിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു.