മലപ്പുറം: മലപ്പുറത്ത് ഷിഗല്ല രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ രേണുക. കഴിഞ്ഞ ദിവസം പുത്തനത്താണിയിൽ ഏഴ് വയസുകാരൻ മരിച്ചത് ഷിഗല്ല മൂലമാണെന്ന സംശയം ഉയർന്നിരുന്നു. എന്നാൽ ഇത് ഷിഗല്ലയാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മുൻകരുതലായി പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ടെന്നും ഡിഎംഒ പറഞ്ഞു.
ഇന്നലെയാണ് ഏഴ് വയസുകാരന്‍ വയറിളക്ക രോഗത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കുട്ടിയുടെ ബന്ധുവായ മറ്റൊരു കുഞ്ഞും സമാന ലക്ഷണങ്ങളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്‌തികരമാണ്. മരിച്ച ഏഴ് വയസുകാരന്‍റെ മാതാവും സമാന ലക്ഷണങ്ങളോടെ ചികിത്സ തേടിയിരുന്നു. കുഞ്ഞിന്‍റെ മാതാവ് ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.