മലപ്പുറം: സന്തോഷ് ട്രോഫി സെമിയിൽ കർണാടകക്കെതിരെ കേരളം ഒരു ഗോളിന് പിന്നിൽ നിൽക്കുമ്പോഴാണ് പകരക്കാരനായി ജെസിൻ കളത്തിലിറങ്ങുന്നത്. പിന്നെ മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ കണ്ടത് ഗോൾ മഴ. എണ്ണം പറഞ്ഞ അഞ്ച് ഗോളുകളാണ് ജെസിൻ മത്സരത്തിൽ അടിച്ചുകൂട്ടിയത്. ജെസിന്‍റെ മിന്നും പ്രകടനത്തിന്‍റെ പശ്ചാത്തലത്തിൽ കേരളം മൂന്നിനെതിരെ ഏഴ് ഗോളുകൾക്ക് കർണാടകയെ വീഴ്‌ത്തി ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്‌തു.
സന്തോഷ് ട്രോഫിയിൽ ചരിത്രമെഴുതി ജെസിൻ; ആഹ്‌ളാദത്തിൽ കുടുംബവും നാട്ടുകാരും സന്തോഷ് ട്രോഫി സെമിയിലെ ജെസിന്‍റെ ചരിത്രനേട്ടത്തിന്‍റെ ആഹ്ലാദത്തിലാണ് കുടുംബം. ജെസിൻ ഓരോ ഗോളുകൾ നേടുമ്പോഴും സ്‌റ്റേഡിയത്തിലെ പതിനായിരങ്ങൾക്കൊപ്പം മാതാപിതാക്കളും, സഹോദരങ്ങളും ബന്ധുക്കളും നിലമ്പൂർ മിനർവ പടിയിലെ തോണിക്കര വീട്ടിലിരുന്ന് ഹർഷാരവം മുഴക്കിയും കൈയടിച്ചും ആഹ്ളാദം പങ്കിട്ടിരുന്നു.
കളി കഴിഞ്ഞ ഉടൻ തന്നെ ജെസിൻ വിളിച്ചിരുന്നതായി പിതാവ് മുഹമ്മദ് നിസാർ പറഞ്ഞു. കൂടാതെ രാവിലെ മുതൽ അഭിനന്ദനം അറിയിച്ചും, സന്തോഷം പങ്കുവെച്ചും നിരവധി കോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. കർണാടക ആദ്യ ഗോൾ നേടിയപ്പോൾ പേടിച്ച് പോയെന്നും പകരക്കാരനായി എത്തിയ ജെസിൻ സമനില ഗോൾ നേടിയതോടെയാണ് ശ്വാസം നേരെ വീണതെന്നും ബന്ധുക്കൾ പറയുന്നു.
25 സന്തോഷ് ട്രോഫി താരങ്ങളെ സംഭാവന ചെയ്‌ത മമ്പാട് എം.ഇ.എസ് കോളജിൽ നിന്ന് തന്നെയാണ് നിലമ്പൂരിന്‍റെ അഭിമാനമായ ജെസിനും സന്തോഷ് ട്രോഫിയിൽ ചരിത്രനേട്ടവുമായി പുതിയ അധ്യായം കുറിച്ചിരിക്കുന്നത്. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജെസിൻ ഫുട്ബോൾ പരിശീലനം തുടങ്ങിയത്. സെപ്റ്റോ അക്കാദമിയുടെ മയ്യം ന്താനി ഗ്രൗണ്ടിൽ കമാലിന്‍റെ നേത്യത്വത്തിലായിരുന്നു പരിശീലനം.
ഓട്ടോറിക്ഷ ഡ്രൈവറായ മുഹമ്മദ് നിസാറും കായിക രംഗത്ത് നിറഞ്ഞു നിന്നിരുന്നയാളാണ്. തനിക്ക് നേടാൻ കഴിയാത്തത് മകനിലൂടെ നേടാനായ സന്തോഷത്തിലാണ് നിസാറും. മെയ് രണ്ടിന് നടക്കുന്ന ഫൈനലിൽ കേരളം കപ്പ് നേടുന്ന നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് ജെസിന്‍റെ കുടുംബവും നാട്ടുകാരും.