തിരുവനന്തപുരം: കേരളത്തില്‍ റമദാൻ വ്രതത്തിന് തുടക്കമായി. പരപ്പനങ്ങാടി അലുങ്ങൽ ബീച്ചിൽ മാസപ്പിറവി ദൃശ്യമായതോടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. ഉത്തരേന്ത്യയിലും ഞായറാഴ്‌ചയാണ് (03.04.22) റമദാൻ വ്രതം തുടങ്ങുന്നത്.
തമിഴ്‌നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി ദൃശ്യമായതിനെത്തുടർന്ന് തെക്കൻ കേരളത്തിൽ റമദാൻ വ്രതാരംഭമാകുമെന്ന് പാളയം ഇമാം വി.പി ശുഹൈബ് മൗലവിയും കേരള ജംഇയ്യത്തുൽ ജനറൽ സെക്രട്ടറി തൊടിയൂർ കുഞ്ഞുമൗലവിയും അറിയിച്ചിരുന്നു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമദാൻ വ്രതാരാംഭം ഞായറാഴ്‌ച ആയിരിക്കുമെന്ന് മുജാഹിദ് വിഭാഗം വെള്ളിയാഴ്‌ച തന്നെ വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലും വ്രതം ആരംഭിച്ചു.
എന്താണ് വ്രതം:ആത്മ സംസ്കരണത്തിന്‍റെയും പുണ്യങ്ങളുടെയും കാലമായാണ് ഇസ്‌ലാം വിശ്വാസികള്‍ ഈ കാലയളവിനെ കാണുന്നത്. പുലര്‍ച്ചെ മുതല്‍ ആരംഭിക്കുന്ന വ്രതാനുഷ്ഠാനം സൂര്യാസ്തമയത്തോടെയാണ് അവസാനിക്കുന്നത്. പകല്‍ സമയം മുഴുവൻ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്ന വിശ്വാസി തന്‍റെ വാക്കും പ്രവൃത്തിയും മനസും മോശമായ പ്രവൃത്തികളില്‍ നിന്നും മാറ്റി നിര്‍ത്തുമ്പോള്‍ മാത്രമേ റമദാൻ വ്രതം പൂര്‍ണമാവുകയുള്ളൂ.