മലപ്പുറം: കേരള ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പരസ്യതർക്കത്തില്‍ നിലപാട് വ്യക്തമാക്കി മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. ഗവർണർ രാഷ്ട്രീയ വക്താവിനെ പോലെ ഇടപെടുന്നു. നിരന്തരം വാർത്താ സമ്മേളനം വിളിക്കുന്നു. ജനാധിപത്യ ഇടത്തില്‍ നടക്കാൻ പാടില്ലാത്തതാണ് പൗരത്വ പ്രതിഷേധത്തിലും വാർഡ് വിഭജന വിഷയത്തിലും ഗവർണർ സ്വീകരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഷ്ട്രത്തിന്‍റെ അധിപർ ജനങ്ങളാണ്. ജനങ്ങളുടെ വിഷയം വരുമ്പോൾ സർക്കാരിന് കോടതിയിൽ പോവാം. അതിന് ഗവർണറുടെ സമ്മതം വേണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ജനകീയ വിഷയത്തില്‍ കോടതിയില്‍ പോകാന്‍ ഗവർണറുടെ അനുമതി വേണ്ട: പികെ കുഞ്ഞാലിക്കുട്ടി - കേരള ഗവര്‍ണര്‍ വാര്‍ത്ത
പൗരത്വ പ്രതിഷേധത്തിലും വാർഡ് വിഭജന വിഷയത്തിലും ഗവർണർ സ്വീകരിച്ച നിലപാട് ജനാധിപത്യ ഇടത്തില്‍ നടക്കാൻ പാടില്ലാത്തതെന്ന് പികെ കുഞ്ഞാലിക്കുട്ടിഅഭിപ്രായപ്പെട്ടു.
അതേസമയം പൗരത്വ പ്രതിഷേധത്തില്‍ എല്‍ഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി കേരളത്തില്‍ മാത്രം പ്രതിഷേധിച്ച് സിപിഎം ചാമ്പ്യൻമാരാകാൻ നോക്കേണ്ടെന്നും പറഞ്ഞു. പ്രശ്നാധിഷ്ഠിത വിഷയങ്ങളിൽ ഒരുമിച്ച് നിൽക്കാമെന്ന് ചൂണ്ടിക്കാട്ടിയ കുഞ്ഞാലിക്കുട്ടി വാർഡ് വിഭജനത്തില്‍ എല്‍ഡിഎഫ് സ്വീകരിച്ച രീതി ശരിയല്ലാത്തതുകൊണ്ടാണ് എതിർക്കുന്നത് എന്നും കൂട്ടിച്ചേർത്തു. എൻപിആർ- എൻആർസി എന്നിവയില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസർക്കാർ നിലപാട് കോടതിയില്‍ വ്യക്തമാക്കണമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.