മലപ്പുറം: രാഷ്ട്രീയക്കാരും നിക്ഷേപകരും പരസ്പരം ധാര്‍ഷ്ട്യം കാണിക്കരുതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. നിക്ഷേപകര്‍ രാഷ്ട്രീയം കളിക്കുന്നതും ഭൂഷണമല്ല. കിറ്റെക്‌സ് വിഷയത്തില്‍ ഇത് രണ്ടും സംഭവിച്ചു എന്നതാണ് വസ്തുത. രമ്യമമായി വിഷയം പരിഹരിക്കുന്ന കാര്യത്തില്‍ ഇടതു സര്‍ക്കാര്‍ പരാജയപ്പെട്ടു.
പോകുന്നവര്‍ പോകട്ടെയെന്ന നിലപാട് ശരിയല്ല. പതിനായിരങ്ങള്‍ക്ക് ജോലിയും കോടികളുടെ നികുതിയുമാണ് കേരളത്തിന് ഇതു വഴി നഷ്ടമാവുക. കേരളത്തിന്‍റെ വ്യവസായ മേഖലയ്‌ക്ക് ഇത് വലിയ തിരിച്ചടിയുണ്ടാക്കും. ഇതിനു പുറമെ നിക്ഷേപത്തിന് ഏറെ സാധ്യതകളുള്ള കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന രീതിയില്‍ തെറ്റിധാരണ പരക്കും.
ഇടത് മുന്നണിക്ക് വിമർശനം
കിറ്റെക്‌സിനെ രാഷ്ട്രീയമായി ഉപയോഗിച്ചത് ഇടതു മുന്നണിയാണ്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തും ഇതുപോലെ വിഷയങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് വ്യവസായ മന്ത്രി എന്ന നിലയില്‍ താന്‍ ഇടപെടുകയും പരിഹരിക്കുകയും ചെയ്തതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംസ്ഥാനത്ത് വ്യവസായങ്ങള്‍ കൊണ്ടുവന്നതില്‍ പ്രധാനപങ്ക് വഹിച്ചത് യു.ഡി.എഫ് സര്‍ക്കാരാണ്. കിന്‍ഫ്ര, സ്മാര്‍ട്ട്‌സിറ്റി, അക്ഷയ, ടെക്‌നോ പാര്‍ക്ക് തുടങ്ങിയവയെല്ലാം അതിനുദാഹരണങ്ങളാണ്.