മലപ്പുറം: സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക നയത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കേരളത്തിന്‍റെ നിലവിലെ സാമ്പത്തിക നയം തല തിരിഞ്ഞതാണ്. കോടികള്‍ കടമെടുത്ത് നടപ്പിലാക്കുന്ന കെ റെയില്‍ അതിന് ഉദാഹരണമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇത്ര വലിയ വില കൊടുത്ത് കെ റെയില്‍ നടപ്പിലാക്കേണ്ട സാഹചര്യം കേരളത്തിലുണ്ടോ എന്നാണ് പൊതുജനം ചോദിക്കുന്നത്. എന്നാല്‍ അതിനുത്തരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേരളത്തിന്‍റെ ആളോഹരി കടം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
പി.കെ കുഞ്ഞാലിക്കുട്ടി ധർണ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുന്നു ഇത് വലിയ അപകടമാണെന്നും ശ്രീലങ്ക മുന്‍പിലുള്ള പാഠമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തുടര്‍ഭരണത്തിന് ശേഷം ജനോപകാര പദ്ധതികളും ആനുകൂല്യങ്ങളും എല്‍ഡിഎഫ് സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുകയാണ്. എല്ലാ മേഖലയിലും പൊതുജനത്തെ പിഴിയുന്ന സാഹചര്യമാണുള്ളത്.
സാധാരണക്കാരന് ഇപ്പോള്‍ പൊള്ളയായ വാഗ്‌ദാനങ്ങള്‍ കൊണ്ട് തൃപ്‌തിപ്പെടേണ്ട അവസ്ഥയാണ്. ജനോപകാര പദ്ധതികള്‍ ഒന്നും തന്നെ നടപ്പിലാക്കുന്നില്ല. ഉള്ള പദ്ധതികള്‍ തന്നെ തദ്ദേശ സ്ഥാപനങ്ങളുടെ തലയില്‍ കെട്ടിവച്ച് സര്‍ക്കാര്‍ തടിയൂരുന്നു.
ഇങ്ങനെ പോയാല്‍ അധികാര വികേന്ദ്രീകരണമെന്ന മഹത്തായ തത്വം തന്നെ ഇല്ലാതെയാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പെട്രോളിയം വില വര്‍ധനവില്‍ നികുതിയിളവിലൂടെ സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ നിലപാടുകളില്‍ പ്രതിഷേധിച്ച് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യുഡിഎഫ് അംഗങ്ങള്‍ മലപ്പുറം കലക്‌ടറേറ്റിന് മുന്നില്‍ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി.