മലപ്പുറം: പെരിന്തൽമണ്ണ നഗരസഭയുടെ കുടുംബാരോഗ്യ കേന്ദ്രം നവീകരിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യ മന്ത്രി കെ.കെ ശൈലജ വീഡിയോ കോണ്‍ഫറന്‍സിലൂടെ പുതിയ കെട്ടിടത്തിന്‍റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. ചികിത്സയും മരുന്നും സൗജന്യമായി നല്‍കുന്ന കേന്ദ്രത്തെ മുന്നൂറോളം രോഗികളാണ് ദിനംപ്രതി ആശ്രയിക്കുന്നത്.
പെരിന്തൽമണ്ണ നഗരസഭയുടെ കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം ചെയ്‌തു - നഗരസഭ ചെയർമാൻ എം.മുഹമ്മദ് സലിം
ആരോഗ്യ മന്ത്രി കെ.കെ ശൈലജ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ചികിത്സയും മരുന്നും സൗജന്യമായി നല്‍കുന്ന ആരോഗ്യ കേന്ദ്രത്തെ മുന്നൂറോളം രോഗികളാണ് ദിനംപ്രതി ആശ്രയിക്കുന്നത്
എട്ട് വർഷമായി എരവിമംഗലത്ത് വാടക കെട്ടിടത്തിലായിരുന്നു ആരോഗ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. നഗരസഭയുടെ രജത ജൂബിലി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് സാംസ്കാരിക നിലയം 37 ലക്ഷം രൂപ ചെലവില്‍ ആധുനിക സജ്ജീകരണങ്ങളോടെ നവീകരിച്ചാണ് സ്വന്തമായി കെട്ടിടം നിര്‍മിച്ചത്. സംസ്ഥാന സർക്കാരിന്‍റെ ആർദ്രം മിഷന്‍റെയും കേന്ദ്ര സർക്കാരിന്‍റെ ദേശീയ നഗര ആരോഗ്യ ദൗത്യത്തിന്‍റെയും സഹായത്തോടെയാണ് കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം, ദന്തരോഗ വിഭാഗം എന്നീ വിഭാഗങ്ങളിലായി നാല് ഡോക്ടർമാർ അടക്കം പതിനഞ്ചോളം ജീവനക്കാരുണ്ട്.