മലപ്പുറം: സര്‍ക്കാര്‍ തിരിഞ്ഞ് നോക്കാതെ അമ്പുമല ആദിവാസി കോളനി. കോളനിയിലേക്കുള്ള കമ്പിപ്പാലം കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്നതോടെ ഇവര്‍ക്ക് പുറംലോകവുമായുള്ള സര്‍വ ബന്ധവും മുറിഞ്ഞു. പിന്നെ കോളനി നിവാസികള്‍ തന്നെ മുന്‍കൈ എടുത്ത് മുള കൊണ്ട് നിര്‍മിച്ച താല്‍കാലിക പാലത്തിലൂടെയാണ് ഇവര്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറംലോകത്ത് എത്തുന്നത്. കുറുവന്‍ പുഴക്ക് മുകളിലെ പാലമാണ് ഇവര്‍ക്ക് വെല്ലുവിളിയായി മാറിയത്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ജീവന്‍ പണയം വെച്ചുവേണം ഇതിലൂടെ അക്കരയെത്തിക്കാന്‍.
കമ്പിപ്പാലം പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല; ഒന്നര വര്‍ഷമായി ഒറ്റപ്പെട്ട് അമ്പുമല ആദിവാസി കോളനി - നിലമ്പൂർ - നായാടംപൊയിൽ മലയോരപാത
കോളനിക്കാർക്ക് അസുഖം വന്നാൽ താൽക്കാലികമായി നിർമിച്ച പാലത്തിലൂടെ ചുമന്നാണ് മറുകര എത്തിക്കുന്നത്.
2004ൽ ചാലിയാർ പഞ്ചായത്താണ് കമ്പിപ്പാലം നിർമിച്ചത്. പാലം തകര്‍ന്നതോടെ പുനര്‍നിര്‍മിക്കണമെന്ന ആവശ്യപ്പെട്ട് ജില്ലാ കലക്ടർ, ഐ.ടി.ഡി.പി, ഗ്രാമപഞ്ചായത്ത് അധികൃതർ എന്നിവർക്ക് പരാതി നൽകി. എന്നാല്‍ ഒന്നര വര്‍ഷമായിട്ടും നടപടി ഉണ്ടാകാത്തതോടെ പണിയർ വിഭാഗത്തിൽപ്പെട്ട 26 കുടുംബങ്ങളാണ് അധികൃതരുടെ അവഗണന മൂലം വനത്തിലെ കോളനിയിൽ ഒറ്റപ്പെട്ട് കഴിയുന്നത്. കമ്പി പാലം പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട ശേഷം സ്ഥലം എം.എൽ.എയോ കലക്ടറോ കോളനിയിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും കോളനി നിവാസികള്‍ പറയുന്നു.
കോളനിയിൽ നിന്നും വാഹനങ്ങൾ എത്തുന്ന നിലമ്പൂർ - നായാടംപൊയിൽ മലയോരപാതയിലേക്ക് എത്താൻ ഒന്നര കിലോമീറ്റർ കാൽനടയായി എത്തണം. ആദിവാസി ക്ഷേമത്തിനായി പട്ടികവർഗ വകുപ്പ് ജില്ലാ ഓഫിസ് നിലമ്പൂരിൽ പ്രവർത്തിക്കുമ്പോഴാണ് 22 കിലോമീറ്റർ മാത്രം അകലെയുള്ള അമ്പുമല കോളനിക്കാർ ഈ ദുരിത ജീവിതം തുടരുന്നത്. തിങ്കളാഴ്ച അമ്പുമല കോളനിയിൽ പോളിയോ തുള്ളിമരുന്ന് നൽകാൻ ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് പാറക്കെട്ടുകൾ നിറഞ്ഞ പുഴയിലൂടെ ഇറങ്ങിയാല്‍ മാത്രമേ മറുകര എത്താനാകു. ഈ ദുരിതയാത്ര എന്ന് തീരുമെന്ന കോളനി നിവാസികളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം നൽകാതെ ഒളിച്ചുകളിക്കുകയാണ് അധികൃതർ.