മലപ്പുറം:തിരൂരില്‍ വീട്ടില്‍ പ്രസവിച്ച നവജാത ശിശുവിന്‍റെ മരണത്തില്‍ കേസെടുത്ത് പൊലീസ്. തിരൂർ തലക്കാട് വെങ്ങാലൂരിലാണ് സംഭവം. കൊടേരി സ്വദേശികളായ മുഹമ്മദ് താഹ-തഹ്‌സീന ദമ്പതികളുടെ നാല് ദിവസം പ്രായമുള്ള കുഞ്ഞാണ് മരണപ്പെട്ടത്.
മെഡിക്കല്‍ ഓഫിസര്‍ മാധ്യമങ്ങളോട് തലക്കാട് പഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരൂര്‍ പൊലീസ് കേസെടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് കുഞ്ഞിന്‍റെ മരണം സംഭവിച്ചത്. കാരത്തൂരിലെ ഡോക്‌ടറെത്തി മരണം സ്ഥിരീകരിച്ചതിന് പിന്നാലെ രാവിലെ 10 മണിയോടെ കുഞ്ഞിന്‍റെ മൃതദേഹം സംസ്‌കരിച്ചു.
ഓഗസ്റ്റ് അഞ്ചിന് വീട്ടില്‍ വച്ചാണ് പ്രസവം നടന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ അക്യുപങ്ചർ ചികിത്സ തേടുന്നവരാണ്. തലക്കാട് പഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രം കുടുംബവുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നെങ്കിലും ആശുപത്രിയില്‍ വച്ച് പ്രസവം നടത്താന്‍ ഇവര്‍ തയ്യാറായില്ല. യുവതിയുടെ നാലാമത്തെ പ്രസവമായിരുന്നു.
നേരത്തെ നടന്ന മൂന്ന് പ്രസവങ്ങളും സിസേറിയനിലൂടെയായിരുന്നു. അതേസമയം, മുലപ്പാല്‍ കുടിക്കുന്നതിനിടെ ശ്വാസ തടസം അനുഭവപ്പെട്ടാണ് കുഞ്ഞ് മരിച്ചതെന്ന് കുഞ്ഞിനെ പരിശോധിച്ച ഡോക്‌ടർ പൊലീസിന് മൊഴി നല്‍കി.
Also read: ഏണിപ്പടിയിൽ നിന്ന് വീണ് പരിക്കേറ്റ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു