മലപ്പുറം:അരീക്കോട് സ്‌കൂളിലെ സ്വാതന്ത്ര്യദിന ഘോഷയാത്രയില്‍ വി.ഡി സവർക്കറെ ഉൾപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കീഴുപറമ്പ് ജി.വി.എച്ച്.എസ് സ്‌കൂളിൽ തിങ്കളാഴ്‌ച നടന്ന സ്വാതന്ത്ര്യദിന ഘോഷയാത്രയിലാണ് സവർക്കറെ ഉൾപ്പെടുത്താനുള്ള ശ്രമം നടന്നതായി പരാതി ഉയര്‍ന്നത്. സ്വാതന്ത്ര്യസമര സേനാനികളുടെ വേഷം ധരിച്ച വിദ്യാര്‍ഥികളുടെ ഇടയില്‍ സവര്‍ക്കറുടെ വേഷം ധരിച്ച വിദ്യാര്‍ഥി നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് 75 സ്വാതന്ത്ര്യസമര സേനാനികളുടെ വേഷം ധരിച്ച് വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ഘോഷയാത്ര നടത്താനായിരുന്നു സ്‌കൂള്‍ പിടിഎയുടെ തീരുമാനം. ഇതിനായി സ്‌കൂളിലെ ഒരു അധ്യാപികയെ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു. ഈ പട്ടികയിലാണ് വി.ഡി സവർക്കറെയും ഉൾപ്പെടുത്തിയത്.
ഘോഷയാത്ര ആരംഭിക്കുന്നതിന് മുമ്പ് ഇക്കാര്യം സ്‌കൂളിലെ അധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് സവർക്കറുടെ വേഷം ധരിച്ച വിദ്യാർഥിയെ ഗ്രീൻ റൂമിൽ എത്തിച്ച് കുട്ടിയുടെ വേഷത്തിന് മുകളിലുണ്ടായിരുന്ന സവർക്കർ എന്നെഴുതിയ പേപ്പര്‍ എടുത്ത് മാറ്റി. സവർക്കറുടെ വേഷവിധാനത്തിലുള്ള വിദ്യാര്‍ഥിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്.