മലപ്പുറം: നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് കൊല്ലപ്പെട്ട കേസിലെ പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു. മുഖ്യ പ്രതി ഷൈബിന്‍ അഷറഫ്, ഷൈബിന്‍റെ ഡ്രൈവറും കേസിലെ പ്രതിയുമായ നിഷാദ് എന്നിവരെ എടവണ്ണ സീതിഹാജി പാലത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. വിരലടയാള വിദഗ്‌ധര്‍, ബോട്ട് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളുമായി അഗ്നി ശമന സേന, ദുരന്ത നിവാരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇ.ആര്‍.എഫ് എന്നിവരുടെ സഹകരണത്തോടെയാണ് തെളിവെടുപ്പ് നടന്നത്. മൃതദേഹാവശിഷ്‌ടം കണ്ടെത്താനായി ചാലിയാര്‍ പുഴയില്‍ ഇന്ന് നാവിക സേന പരിശോധന നടത്തും.
ഷാബാ ഷെരീഫിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി പ്ലാസ്റ്റിക് ചാക്കിലാക്കി കാറില്‍ കൊണ്ടുപോയി ചാലിയാര്‍ പുഴയുടെ എടവണ്ണ സീതിഹാജി പാലത്തിന് സമീപം തള്ളുകയായിരുന്നുവെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്. ഇന്നലെ നടന്ന തെളിവെടുപ്പിൽ പാലത്തിന്‍റെ മൂന്നാം തൂണിന് സമീപത്തു നിന്നും മൃതദേഹം അടങ്ങിയ പ്ലാസ്റ്റിക് ചാക്ക് വലിച്ചെറിഞ്ഞ ഭാഗം ഷൈബിന്‍ അഷ്റഫ് പൊലീസിന് കാണിച്ചു കൊടുത്തിരുന്നു.
മൃതദേഹാവശിഷ്ടം നിർണായക തെളിവ്: ഈ ഭാഗത്ത് വിരലടയാള വിദഗ്‌ധര്‍ പരിശോധന നടത്തി. ഫയര്‍ഫോഴ്‌സ് മൂന്ന് ബോട്ടുകളിലായി ചാലിയാറില്‍ മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മൃതദേഹം ചെറിയ കഷ്‌ണങ്ങളാക്കി വെട്ടി നുറുക്കി പുഴയില്‍ എറിഞ്ഞതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തല്‍ ഏറെ ശ്രമകരമാണ്.
രണ്ട് വര്‍ഷത്തിനിടെ പുഴയില്‍ ശക്തമായ ഒഴുക്കുണ്ടായതിനാലും ദൗത്യം വിജയകരമാവുമോയെന്ന് പൊലീസ് സംശയിക്കുന്നു. എന്നാല്‍ മൃതദേഹാവശിഷ്ടം കണ്ടെത്താനായാല്‍ കൊലപാതകത്തിന് നിര്‍ണായക തെളിവാകും. ഈ സാഹചര്യത്തിലാണ് പുഴയില്‍ മുങ്ങി തിരയാന്‍ നാവികസേനയുടെ സഹായം തേടുന്നത്.
നിലമ്പൂര്‍ ഡി.വൈ.എസ്.പി സാജു കെ എബ്രാഹം, നിലമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്‌ടർ പി വിഷ്‌ണു, എടവണ്ണ പൊലീസ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ മജീദ്, തിരുവാലി ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
ചാലിയാര്‍ പുഴയില്‍ മൃതദേഹം തള്ളിയ എടവണ്ണ പാലത്തില്‍ നടത്തിയ തെളിവെടുപ്പിന് ശിഹാബുദീനെ കൊണ്ടുപോയിരുന്നില്ല. മൃതദേഹം പുഴയിൽ തട്ടിയ സംഘത്തില്‍ ഷിഹാബുദീന്‍ ഉണ്ടായിരുന്നില്ലെന്നാണ് നേരത്തെ കസ്റ്റഡിയില്‍ എടുത്ത് തെളിവെടുപ്പ് നടത്തിയ പ്രതി നൗഷാദ് പൊലീസിന് നല്‍കിയ മൊഴി. ഇതേ തുടര്‍ന്നാണ് ചാലിയാര്‍ പുഴയിലെ തെളിവെടുപ്പില്‍ നിന്ന് ഷിഹാബുദീനെ ഒഴിവാക്കിയത്.