മലപ്പുറം :76 ലും മാറാക്കര കല്ലുപാലം പാലക്കത്തൊടി സ്വദേശി മരക്കാര്‍ ഹാജിക്ക് പഠനത്തോട് പ്രണയമാണ്. സംസ്ഥാനത്ത് പത്താംതരം തുല്യത പരീക്ഷയെഴുതുന്നവരില്‍ പ്രായം കൂടിയ പഠിതാവാണ് ഇദ്ദേഹം.
തിങ്കളാഴ്ച വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളില്‍ മരക്കാർ ഹാജി പരീക്ഷയെഴുതും. ചെറുപ്പത്തിൽ പഠനം നിർത്താന്‍ നിര്‍ബന്ധിതനായെങ്കിലും ആ മോഹം ഉറവ വറ്റാതെ ഖല്ബിലുണ്ടായിരുന്നു. 10 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ നാട്ടിൽ മടങ്ങിയെത്തി വീട്ടിൽ വെറ്റില കൃഷിയിൽ ഏർപ്പെട്ടു.
മത-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതിനിടെയാണ് വീണ്ടും പഠിക്കണമെന്ന ചിന്തയുണരുന്നത്. പഞ്ചായത്ത് സാക്ഷരത പ്രേരക് കെ.പി. സിദ്ദിഖിന്റെ പ്രോത്സാഹനം ലഭിച്ചതോടെ ഏഴാം തരം തുല്യതയ്ക്ക് ചേർന്നു.
വിജയിച്ചതോടെ പത്താം ക്ലാസ് പഠനത്തിനായി കരിപ്പോൾ ഗവ. ഹൈസ്കൂളിലെ പഠനകേന്ദ്രത്തിൽ ചേർന്നു.
സഹായങ്ങളുമായി പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ പേരക്കുട്ടിയും
കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പേരക്കുട്ടി റിഫാഹ് വലിയുപ്പയെ ഓൺലൈൻകാല പഠനത്തിൽ സഹായിക്കാനെത്തിയപ്പോൾ ആത്മവിശ്വാസം കൂടി.