ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ 12 തവണ മുസ്ലിംലീഗ് എംഎല്‍എമാരെ നിയമസഭയിലെത്തിച്ച മണ്ഡലം. ഇടത് സ്വതന്ത്രനായ മഞ്ഞളാംകുഴി അലിയുടെയും പാലോളി മുഹമ്മദ് കുട്ടിയുടേയും ജയം മാത്രമാണ് എല്‍ഡിഎഫിന് ആകെ അവകാശപ്പെടാനുള്ളത്. ജയം ആവര്‍ത്തിക്കുമ്പോഴും ഭൂരിപക്ഷം കൂട്ടിയും കുറച്ചും പിടികൊടുക്കാത്ത മനസാണ് മങ്കടയുടേത്.
മണ്ഡല ചരിത്രം
1957 മുതല്‍ 1996 വരെയുള്ള 10 തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി മുസ്ലിംലീഗ് പ്രതിനിധികള്‍ നിയമസഭയിലെത്തി. ആദ്യ മത്സരത്തില്‍ മുഹമ്മദ് കൊടൂര്‍ കോണ്‍ഗ്രസിന്‍റെ മുഹമ്മദ് മലവട്ടത്തെ തോല്‍പ്പിച്ചു. 1960ല്‍ പി അബ്ദുല്‍ മജീദും ജയിച്ചു. 1965 സിപിഎമ്മിന്‍റെ പാലോളി മുഹമ്മദ് കുട്ടിക്കായിരുന്നു ജയം.
1967ല്‍ ലീഗിലെ സിഎച്ച് മുഹമ്മദ് കോയയും ചരിത്രജയം നേടി നിയമസഭയിലെത്തി. മങ്കടയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായ 24,517 വോട്ട് നേടിയായിരുന്നു സി.എച്ചിന്‍റെ ജയം. 1970ല്‍ എം മുഹമ്മദ് കുട്ടി ലീഗ് എംഎല്‍എയായി. 1977ല്‍ കോരമ്പയില്‍ അഹമ്മദ് ഹാജിയിലൂടെ ജയം തുടര്‍ന്നു. 1980 മുതല്‍ 1996 വരെ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് തുടര്‍വിജയങ്ങള്‍ നേടി. മൂന്നാം വട്ടം 10,922 ഭൂരിപക്ഷം ലഭിച്ച മജീദിന് അഞ്ചാം തവണ 1,054 വോട്ടിന്‍റെ ജയം മാത്രമാണ് നേടാനായത്.
2001ലും ഇടത് സ്ഥാനാര്‍ഥിക്ക് മങ്കടക്കാര്‍ അവസരം നല്‍കി. ഇടത് സ്വതന്ത്രനായി മഞ്ഞളാംകുഴി അലിയെ ഇറക്കി ഭാഗ്യം പരീക്ഷിച്ച എല്‍ഡിഎഫ് ജയം കണ്ടു. കെ.പി.എ മജീദിനെ തോല്‍പ്പിച്ചാണ് 44 വര്‍ഷത്തെ ലീഗ് കുത്തക മഞ്ഞളംകുഴി അലി തകര്‍ത്തത്. 2006ല്‍ എം.കെ മുനീറിനെ ഇറക്കി സീറ്റ് തിരിച്ചുപിടിക്കാനുള്ള ലീഗ് ശ്രമം പരാജയപ്പെട്ടു. മഞ്ഞളാംകുഴി അലിയിലൂടെ ഇടതുപക്ഷം ജയം ആവര്‍ത്തിച്ചു. 2010ല്‍ സിപിഎമ്മില്‍ അവഗണനയെന്ന് ആരോപിച്ച് അലി എംഎല്‍എ സ്ഥാനം രാജിവച്ച് ലീഗിലേക്ക് ചേക്കേറി.
അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി, കുറുവ, മക്കരപ്പറമ്പ്, മങ്കട, മൂര്‍ക്കനാട്, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്നതാണ് മങ്കട നിയമസഭ മണ്ഡലം. ആകെ 2,06,472 വോട്ടര്‍മാരില്‍ 1,02,710 പേര്‍ പുരുഷന്മാരും 10,37,62 പേര്‍ സ്ത്രീ വോട്ടര്‍മാരുമാണ്.