ഏഴ് വയസ്സുകാരന് ആള് മാറി ശസ്ത്രക്രിയ: ജാഗ്രത കുറവെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ട് - മഞ്ചേരി
സംഭവത്തിൽ ഡോക്ടറെ സസ്പെന്‍റ് ചെയ്ത് അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉത്തരവിട്ടിരുന്നു.
മലപ്പുറം: മഞ്ചേരിയിൽ ഏഴ് വയസ്സുകാരന് ആള് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പിഴവ് സംഭവിച്ചെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ടിന്‍റെ പ്രാഥമിക റിപ്പോർട്ട്. ജാഗ്രത പുലർത്തിയിരുന്നെങ്കിൽ പിഴവ് ഒഴിവാക്കാമായിരുന്നുവെന്നും ശസ്ത്രക്രിയ സർജന്‍റെയും ജീവനക്കാരുടെയും പിഴവാണെന്നും റിപ്പോർട്ടിൽ പറയുന്നു. സ്റ്റാഫ് നേഴ്‌സ്, അനസ്‌തേഷ്യ ടെക്‌നീഷ്യൻ, ക്ലീനിങ് സ്റ്റാഫ്, ഓപ്പറേഷൻ തിയേറ്ററിലെ സ്റ്റാഫ് നഴ്സുമാർ, അനസ്‌തേഷ്യ വിദഗ്ദർ, സർജറി ചെയ്ത ഡോക്ടർ തുടങ്ങിയവർക്കും ജാഗ്രതക്കുറവ് സംഭവിച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു. ഏഴ് വയസുകാരന് എല്ലാ ചികിത്സയും പ്രത്യേക പരിഗണനയോടെ നൽകുമെന്നും സൂപ്രണ്ട് തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തിൽ ഡോക്ടറെ സസ്പെന്‍റ് ചെയ്ത് അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ നേരത്തെ ഉത്തരവിട്ടിരുന്നു. തുടർന്ന് ഡിഎംഒ വിശദീകരണം തേടിയതിന്‍റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളജ് സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയത്.