മലപ്പുറം: നഷ്ടപരിഹാര തുക നല്‍കിയിട്ടും കഞ്ഞിപ്പുര മൂടാൽ ബൈപാസിന്‍റെ നിർമാണ പ്രവൃത്തികള്‍ പുനരാരംഭിക്കാൻ നടപടിയായില്ല. പദ്ധതിക്ക് നേരിട്ട കാലതാമസം നിർമാണച്ചുമതലയുള്ള കമ്പനിക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നതാണ് ബൈപാസ് നിർമാണം പാതിവഴിയിലാകാൻ ഇടയാക്കിയത്. വട്ടപ്പാറയിലെ അപകടകരമായ വളവ്, വളാഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്ക്, യാത്ര ദൂരം കുറക്കുക എന്നിവ ലക്ഷ്യമിട്ടാണ് യു ഡി എഫ് സർക്കാരിന്‍റെ ഭരണകാലത്ത് കഞ്ഞിപ്പുര- മൂടാൽ ബൈപാസ് നിർമാണത്തിന് പദ്ധതിയിട്ടത്. ബഡ്ജറ്റിൽ ഫണ്ട് വകയിരുത്തുകയും ധൃതി പിടിച്ച് നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. സ്ഥലം എം എൽ എ ആയിരുന്ന അബ്ദുസമദ് സമദാനിയുടെ നേതൃത്വത്തിലാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി നിർമാണോദ്ഘാടനം നടത്തിയത്.
കഞ്ഞിപ്പുര മൂടാൽ ബൈപാസിന്‍റെ നിർമാണ പ്രവൃത്തികള്‍ പുനരാരംഭിക്കാൻ നടപടിയായില്ല - കഞ്ഞിപ്പുര മൂടാൽ ബൈപാസ്
സർക്കാരുകൾ മാറി മാറി വന്നിട്ടും പലവിധ കാരണങ്ങളാൽ റോഡിന്‍റെ നിർമാണം വൈകുന്നതിൽ പ്രതിഷേധത്തിലാണ് നാട്ടുകാരും വാഹനയാത്രികരും
![കഞ്ഞിപ്പുര മൂടാൽ ബൈപാസിന്‍റെ നിർമാണ പ്രവൃത്തികള്‍ പുനരാരംഭിക്കാൻ നടപടിയായില്ല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3966927-thumbnail-3x2-kanjippura-moodal-bypass.jpg)
വൈകാതെ ആദ്യ റീച്ചിന്‍റെ പ്രവൃത്തിയും ആരംഭിച്ചു. എന്നാൽ റോഡിന് വേണ്ട മുഴുവൻ ഭൂമിയും ലഭ്യമാക്കാതെയായിരുന്നു നിർമാണ പ്രവൃത്തി ആരംഭിച്ചത്. കൂടാതെ ഭൂവുടമകൾക്ക് അർഹമായ നഷ്ടപരിഹാരവും ലഭ്യമാക്കാൻ അധികൃതർക്ക് സാധിച്ചിരുന്നില്ല. ഇത് വലിയ വിവാദമാകുകയും നിർമാണപ്രവൃത്തി തടസ്സപ്പെടുകയും ചെയ്തു. ഇതിന് ശേഷമാണ് ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ ശ്രമഫലമായി ഇടത് സർക്കാർ പത്ത് കോടി രൂപ റോഡിന് അനുവദിച്ചത്. ഇതേ തുടര്‍ന്ന് വീണ്ടും നിർമാണ പ്രവൃത്തി ആരംഭിച്ചു. എന്നാല്‍ ഇതിനും വലിയ ആയുസുണ്ടായില്ല. ഭൂമി വിട്ട് നൽകുന്നതിന് മുമ്പ് തന്നെ നഷ്ടപരിഹാര തുക നൽകണമെന്നായിരുന്നു ഭൂഉടമകളുടെ നിലപാട്. തുടര്‍ന്ന് എം എൽ എയുടെ നേതൃത്വത്തിൽ ഉടമകളുമായി പലവട്ടം നടത്തിയ ചർച്ചയിൽ വിഷയം രമ്യമായി പരിഹരിക്കപ്പെട്ടു.
സർക്കാർ ഫണ്ട് ലഭ്യമാകുന്ന മുറക്ക് പണം കൈമാറുമെന്നായിരുന്നു എം എൽ എ യുടെ ഉറപ്പ്. ഇതൊക്കെയാണെങ്കിലും റോഡ് നിർമാണം പൂർത്തിയാകണമെങ്കിൽ ഇനിയും വേണം 50 കോടിയിലധികം രൂപ. ഈ തുക ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് എം എൽ എ. കഴിഞ്ഞ വർഷം വട്ടപ്പാറയിൽ ഓട്ടോറിക്ഷക്ക് മേൽ ലോറി മറിഞ്ഞ് മൂന്ന് പേർ ദാരുണമായി മരിച്ച സംഭവത്തിന് ശേഷം ഒരു വർഷം കൊണ്ട് കഞ്ഞിപ്പുര മൂടാൽ ബൈപാസ് യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി കെ ടി ജലീൽ ഉറപ്പ് നൽകിയിരുന്നു. മന്ത്രിയുടെ വാക്ക് പാലിക്കപ്പെടാതെ വന്നതോടെ പ്രതിപക്ഷ പാർട്ടികൾ ഇത് മന്ത്രിക്കെതിരെ പ്രചരണായുധമാക്കുകയും ചെയ്തു. സർക്കാരുകൾ മാറി മാറി വന്നിട്ടും പലവിധ കാരണങ്ങളാൽ റോഡിന്‍റെ നിർമാണം വൈകുന്നതിൽ പ്രതിഷേധത്തിലാണ് നാട്ടുകാരും വാഹനയാത്രികരും.