മലപ്പുറം: മലപ്പുറം തിരൂരിൽ മുസ്‌ലിം സഹോദരന്‍റെ മരണത്തിൽ അനുശോചിച്ച് ഉത്സവാഘോഷം ഉപേക്ഷിച്ച് ക്ഷേത്ര ഭരണ സമിതി. തിരൂർ തൃപ്പങ്ങോട് പുന്നശ്ശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്‍റെ ഭാഗമായുള്ള ആഘോഷങ്ങളാണ് ക്ഷേത്ര ഭരണ സമിതി ഒഴിവാക്കിയത്.
ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ചെറാട്ടിൽ ഹൈദരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. മരണവിവരം അറിഞ്ഞതോടെ താലിപ്പൊലിയോട് അനുബന്ധിച്ചുള്ള പരിപാടികൾ നിർത്തിവയ്ക്കാൻ ക്ഷേത്ര ഭരണ സമിതി തീരുമാനിക്കുകയായിരുന്നു.
ക്ഷേത്രത്തിലെ ചടങ്ങുകൾ നടക്കുന്നതിനിടയിൽ ആയിരുന്നു ക്ഷേത്ര ഭരണ സമിതി തീരുമാനമെടുത്തത്. തുടർന്ന് ഉത്സവ ചടങ്ങുകൾ മാത്രം നടത്താൻ തീരുമാനിച്ചു. ഉത്സവത്തിന്‍റെ ഭാഗമായി ബാൻഡ്‌മേളം, ശിങ്കാരിമേളം, മറ്റ് കലാരൂപങ്ങൾ തുടങ്ങിയവ സജ്ജമാക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം വേണ്ടെന്ന് വച്ചു.