കുരുന്നുകളുടെ ആദ്യദിനം വിപുലമായി ആഘോഷിച്ച് വിദ്യാലയങ്ങള്‍ - malappuram
ആടിയും പാടിയും നാടെങ്ങും പ്രവേശനോത്സവം ആഘോഷിച്ചു
![കുരുന്നുകളുടെ ആദ്യദിനം വിപുലമായി ആഘോഷിച്ച് വിദ്യാലയങ്ങള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3493498-thumbnail-3x2-school.jpg)
മലപ്പുറം:കുരുന്നുകളെ വരവേറ്റും മധുരം പങ്കുവെച്ചും നാടെങ്ങും പ്രവേശനോത്സവം ആഘോഷിച്ചു. ജില്ലയിലെ മിക്ക സ്കൂളുകളിലും വിവിധ പരിപാടികളോടെ പ്രവേശനോത്സവം കൊണ്ടാടി. പുതിയ ലോകത്തെ രസകാഴ്ചകള്‍ ആസ്വദിച്ചും കൂട്ടുകാരോടൊന്നിച്ച് പാട്ടുകള്‍ പാടിയും കഥകൾ പറഞ്ഞും കുരുന്നുകള്‍ ആദ്യ ദിനം ആനന്ദകരമാക്കി. കളിയും ചിരിയുമായി സ്കൂളിലെത്തിയ വിരുതന്മാർ ക്ലാസിലെത്തിയതോടെ വില്ലൻമാരായി മാറുന്ന കാഴ്ചകളും കുറവല്ലായിരുന്നു. അമ്മയുടെ കൈപിടിച്ച് അക്ഷരമുറ്റത്തെത്തിയ ചിലരെ പരിചിതമല്ലാത്ത സ്കൂളും അന്തരീക്ഷവും അസ്വസ്ഥരാക്കി. മിഠായിയും ബലൂണുമൊന്നും അമ്മക്ക് പകരമാകില്ലെന്ന് മനസിലാക്കിയ കുസൃതികൾ അമ്മമാരുടെ കൈവിട്ടതേയില്ല. അക്ഷരത്തിന്‍റെ പുതു ലോകത്തേക്ക് പിച്ച വെച്ച കുട്ടികൾക്ക് നന്മയുടെ വസന്തകാലം ഉണ്ടാകട്ടെ എന്ന പ്രാർഥന ഓരോ രക്ഷിതാവിന്‍റെ മുഖത്തും പ്രകടമായിരുന്നു. ആദ്യ മണിക്കൂറുകളില്‍ കുരുന്നുകൾ അധ്യാപകർക്ക് വെല്ലുവിളി ഉയർത്തിയെങ്കിലും ഉച്ചയോടെ സ്കൂൾ വിട്ടുവെന്ന അറിയിപ്പ് വന്നതോടെ കുരുന്നുകളുടെ തേങ്ങൽ ആനന്ദത്തിന് വഴിമാറി.