കേരളം

kerala

ETV Bharat / city

കഞ്ചാവ് വിറ്റ് സമ്പാദിച്ചത് ഒന്നരയേക്കർ ഭൂമി; ഉടമസ്ഥത മരവിപ്പിച്ച് എക്സൈസ്

ജില്ലയിൽ ആദ്യമായാണ് എക്‌സൈസ് വകുപ്പ് സ്വത്ത് മരവിപ്പിക്കലിലേക്ക് കടന്നത്

കഞ്ചാവ് വില്‍പന ഭൂമി ഉടമസ്ഥത മരവിപ്പിച്ചു  കഞ്ചാവ് കടത്ത് എക്‌സൈസ് ഭൂമി മരവിപ്പിച്ചു  malappuram excise freezes 1.5 acre land  excise freezes land acquired through ganja sale  മലപ്പുറം എക്‌സൈസ് ഭൂമി മരവിപ്പിച്ചു
കഞ്ചാവ് വില്‍പനയിലൂടെ സമ്പാദിച്ച ഒന്നര ഏക്കർ ഭൂമിയുടെ ഉടമസ്ഥത മരവിപ്പിച്ച് എക്‌സൈസ്; അപൂര്‍വ നടപടി

By

Published : Apr 4, 2022, 1:36 PM IST

മലപ്പുറം: കഞ്ചാവ് വില്‍പനയിലൂടെ സമ്പാദിച്ച ഭൂമിയുടെ ഉടമസ്ഥത മരവിപ്പിച്ച് എക്‌സൈസ്. കഞ്ചാവ് കേസിലെ പ്രതി പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അമീര്‍, അട്ടപ്പാടി കള്ളമല വില്ലേജില്‍ ചെമ്മന്നൂര്‍ എന്ന സ്ഥലത്ത് വാങ്ങിയ ഒന്നര ഏക്കര്‍ ഭൂമിയാണ് ചെന്നൈ കോമ്പറ്റിറ്റീവ് അതോറിറ്റിയുടെ അംഗീകാരത്തോടെ അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം അസിസ്റ്റന്‍റ് എക്സൈസ് കമ്മിഷണര്‍ മരവിപ്പിച്ചത്. മലപ്പുറം ജില്ലയില്‍ ഇതാദ്യമായാണ് എക്‌സൈസ് വകുപ്പ് ഇത്തരത്തില്‍ ഒരു നടപടി കൈക്കൊള്ളുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മഞ്ചേരിയില്‍ നിന്ന് 84.5 കിലോഗ്രാം കഞ്ചാവ് പിടിച്ച കേസിലെ പ്രതിയാണ് പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അമീര്‍. 2021 ഓഗസ്റ്റ് 13ന് മഞ്ചേരിയില്‍ വച്ച് മഞ്ചേരി എക്സൈസ് സര്‍ക്കിള്‍, മലപ്പുറം എക്സൈസ് ഇന്‍റലിജന്‍സ് ബ്യൂറോ, എക്സൈസ് കമ്മിഷണറുടെ ഉത്തര മേഖല സ്‌ക്വാഡ് സംയുക്തമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍ പത്തര കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെ അമീര്‍, മുരുഗേശ്വരി, അഷ്റഫ് എന്നിവര്‍ പിടിയിലായിരുന്നു. പ്രതികളെ ചോദ്യം ചെയ്‌തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ അന്വേഷണം തമിഴ്‌നാട്ടിലേക്ക് നീണ്ടു.

കഞ്ചാവ് വില്‍പനയിലൂടെ സമ്പാദിച്ച സ്വത്തുക്കള്‍: എക്സൈസ് ഇന്‍റലിജന്‍സ് ബ്യൂറോ നടത്തിയ രഹസ്യാന്വേഷണത്തിലും കമ്പം, മേട്ടുപ്പാളയം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തുന്നുണ്ടെന്ന് കണ്ടെത്തി. തമിഴ്‌നാട് സ്വദേശിയായ അക്ക എന്ന മുരുഗേശ്വരിയും അമീറും ചേര്‍ന്നാണ് കഞ്ചാവ് കടത്തലിന് നേതൃത്വം നല്‍കിയിരുന്നത്. കഞ്ചാവ് സൂക്ഷിക്കുന്ന രഹസ്യ കേന്ദ്രങ്ങളെ കുറിച്ച്‌ വിവരം ലഭിച്ച എക്‌സൈസ് മേഖലകളില്‍ പരിശോധന നടത്തി.

കേസിലെ ഒന്നാം പ്രതി അമീറുമായി കോയമ്പത്തൂരില്‍ വിവിധ ഭാഗങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ രണ്ടിടങ്ങളിലായി സൂക്ഷിച്ചുവച്ച 74 കിലോ കഞ്ചാവും 37,000 രൂപയും കണ്ടെടുത്തു. കഞ്ചാവ് വില്‍പനയിലൂടെ പ്രതികള്‍ സമ്പാദിച്ച സ്വത്തുകളെ കുറിച്ചും എക്സൈസ് സംഘം വിവരം ശേഖരിച്ചിരുന്നു. ഈ സ്വത്തുക്കളാണ് ഇപ്പോള്‍ മരവിപ്പിച്ച് ഉത്തരവിറക്കിയത്.

മറ്റ് കേസുകളിലും സമാന നടപടി: നിയമവിരുദ്ധമായി ആര്‍ജിച്ച സ്ഥാവരജംഗമ വസ്‌തുക്കള്‍ കണ്ടെത്താനും ഇവയുടെ വില്‍പന മരവിപ്പിയ്ക്കാനും മയക്കുമരുന്ന് കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എന്‍ഡിപിഎസ് ആക്‌ട് വകുപ്പ് 68 പ്രകാരം അധികാരം ഉണ്ട്. ഇപ്പോള്‍ അന്വേഷണത്തിലുള്ള മറ്റു മയക്കുമരുന്ന് കേസുകളിലും സ്വത്തുക്കള്‍ മരവിപ്പിയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകും.

Also read: കഞ്ചാവ് കടത്താന്‍ ശ്രമം, രണ്ടുപേർക്ക് രണ്ടുവർഷം കഠിന തടവ്

ABOUT THE AUTHOR

...view details