കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ച 21 പേര്‍ ആശുപത്രി വിട്ടു - കൊറോണ കേരളത്തില്‍
347 പേരാണ് ഇപ്പോള്‍ മലപ്പുറത്ത് പ്രത്യേക നിരീക്ഷണത്തിലുള്ളത്. ഇതില്‍ 15 പേര്‍ ആശുപത്രിയിലും 332 പേര്‍ വീടുകളിലുമാണ്.
![കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ച 21 പേര്‍ ആശുപത്രി വിട്ടു malappuram corona upadates corona in kerala news malappuram news മലപ്പുറം വാര്‍ത്ത കൊറോണ കേരളത്തില്‍ കൊറോണ മലപ്പുറം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6011339-thumbnail-3x2-corona.jpg)
മലപ്പുറം:കൊറോണ വൈറസ് ആശങ്ക നിലനില്‍ക്കെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 21 പേര്‍ ഇതുവരെ ആശുപത്രി വിട്ടു. വിദഗ്ധ പരിശോധനയില്‍ വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. രണ്ടുഘട്ട വിദഗ്ധ പരിശോധനക്കായി 22 സാമ്പിളുകളാണ് ജില്ലയില്‍നിന്ന് അയച്ചത്. ഇതില്‍ പൂര്‍ണ്ണഫലം ലഭ്യമായ 15 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. വൈറസ് ബാധിത പ്രദേശങ്ങളില്‍നിന്ന് തിരിച്ചെത്തിയവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമായ 347 പേരാണ് ഇപ്പോള്‍ ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തിലുള്ളത്. ഇതില്‍ 15 പേര്‍ ആശുപത്രിയിലും 332 പേര്‍ വീടുകളിലുമാണ്. നിരീക്ഷണത്തിലുള്ളവര്‍ക്ക് പ്രത്യേക കൗണ്‍സലിങ് നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവര്‍ക്കും പരിചരിക്കുന്നവര്‍ക്കും വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ വിദഗ്ധ സംഘത്തിന്‍റെ പിന്തുണ ലഭ്യമാക്കിവരുന്നു.