മലപ്പുറം: ജില്ലയുടെ തീരാശാപമായ കോഴി മാലിന്യ പ്രശ്നത്തിന് പരിഹാരമാവുന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്ത് ജില്ലയിൽ സ്വകാര്യ മാലിന്യസംസ്കരണ പ്ലാന്‍റുകൾ സ്ഥാപിക്കാനുള്ള സംരംഭകരെ കണ്ടെത്തുന്ന നടപടികൾ അന്തിമ ഘട്ടത്തിലെത്തി. രണ്ട് വർഷമായി ജില്ലാപഞ്ചായത്ത് നടത്തിക്കൊണ്ടിരുന്ന പരിശ്രമമാണ് വിജയത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്നത്.
നിരവധി ചർച്ചകൾക്കും യോഗങ്ങൾക്കും കത്തിടപാടുകൾക്കും ശേഷം സ്വകാര്യ സംരംഭകരിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ച് പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന ഗവൺമെന്‍റ് ജില്ലാ പഞ്ചായത്തിനെ ചുമതലപ്പെടുത്തി അനുമതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ പഞ്ചായത്ത് താൽപര്യപത്രം ക്ഷണിക്കുകയും ഇരുപതിൽപരം സംരംഭകർ താൽപര്യപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ജില്ലാ പഞ്ചായത്ത് ശുചിത്വമിഷന്‍റെ നിർദേശാനുസരണം ഒരു വിദഗ്ധ സമിതി രൂപീകരിക്കുകയും സംരംഭകരുടെ പ്രോജക്ടുകൾ വിലയിരുത്തുകയും യൂണിറ്റുകൾ സന്ദർശിക്കുകയും ചെയ്യുകയുണ്ടായി. ഇതിൽ ഏറ്റവും അത്യാധുനികവും സാങ്കേതികമികവ് പുലർത്തുന്നതുമായ പ്ളാന്‍റുകള്‍ തെരഞ്ഞെടുത്ത്. ഈ മാലിന്യ പ്ലാന്‍റുകൾക്കാണ് കടകളിൽ നിന്ന് മാലിന്യം ശേഖരിക്കുവാനുള്ള അനുമതി നൽകുന്നത്.