മലപ്പുറം :കൊണ്ടോട്ടിയില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച കേസില്‍ പിടിയിലായ പതിനഞ്ചുകാരന് വ്യക്തമായ ആസൂത്രണത്തോടെയാണ് കൃത്യം ചെയ്തതെന്ന് മലപ്പുറം എസ്പി എസ്. സുജിത്ത് ദാസ്. പീഡനം തന്നെയായിരുന്നു ഉദ്ദേശമെന്നും പ്രതിക്ക് കായികമായി നല്ല കരുത്തുണ്ടെന്നും പെണ്‍കുട്ടി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും പൊലീസ് അറിയിച്ചു.
പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. നിലവില്‍ വധശ്രമത്തിനും ബലാത്സംഗ ശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്.
കോളജിലേക്ക് പോവുന്നതിനിടെ പട്ടാപ്പകല്‍ കൊണ്ടോട്ടി കൊട്ടുക്കരയില്‍ വെച്ചാണ് 21കാരിക്ക് നേരെ ആക്രമണമുണ്ടായത്. പിറകില്‍ നിന്നും കടന്നുപിടിച്ച ശേഷം സമീപത്തെ വാഴത്തോട്ടത്തിലേക്ക് വലിച്ചിടുകയായിരുന്നു. വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ ശ്രമിച്ച ഇയാൾ പെണ്‍കുട്ടിയുടെ തലയില്‍ കല്ലുകൊണ്ടടിച്ചു.