മലപ്പുറം:യുഡിഎഫിന് ആശങ്കയും എല്‍ഡിഎഫിന് പ്രതീക്ഷയുമില്ലാത്ത മണ്ഡലങ്ങില്‍ മുൻപന്തിയിലാണ് മലപ്പുറത്തെ കൊണ്ടോട്ടി നിയോജക മണ്ഡലം. 1957 മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ മുസ്‌ലിം ലീഗല്ലാതെ മറ്റൊരു പാര്‍ട്ടിയും ഇവിടെ വിജയിച്ചിട്ടില്ല. 1970 ല്‍ സ്ഥാനമേറ്റ സംസ്ഥാനത്തെ ഏക മുസ്‌ലിം ലീഗില്‍ നിന്നുള്ള മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയെ നിയമസഭയിലെത്തിച്ചത് കൊണ്ടോട്ടിയിലെ വോട്ടര്‍മാരാണ്. ഇത്തവണയും യുഡിഎഫില്‍ നിന്ന് മുസ്‌ലിം ലീഗ് തന്നെയാണ് മത്സരത്തിനിറങ്ങുക. ഇടതുസ്വതന്ത്രനായിരിക്കും എല്‍ഡിഎഫില്‍ നറുക്ക് വീഴുക.
മണ്ഡല ചരിത്രം
1957 ല്‍ എം.പി.എം അഹമ്മദ് കുരിക്കളാണ് മണ്ഡലത്തില്‍ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 1960 ല്‍ വിജയം തുടര്‍ന്നു. ശേഷം 1967 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സയ്യിദ് ഉമ്മര്‍ ബാഫക്കിക്കായിരുന്നു ജയം. 1970ല്‍ മണ്ഡലത്തില്‍ നിന്നും ജയിച്ച് കയറിയ സി.എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായി മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചു. 1970 ല്‍ എം.പി.എം അബ്‌ദുള്‍ കുരിക്കള്‍ തെരഞ്ഞെടുക്കപ്പെട്ടു. 1977 മുതല്‍ 1987 വരെയുള്ള കാലഘട്ടത്തില്‍ നടന്ന നാല് തെരഞ്ഞെടുപ്പുകളിലും മണ്ഡലത്തില്‍ വിജയിച്ചത് പി. സീതി ഹാജിയായിരുന്നു.
1991 ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ ചീഫ് വിപ്പുമായിരുന്ന പത്തായക്കോടൻ സീതി ഹാജി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്നു. എംഎൽഎ പദവിയിലിരിക്കെയാണ് സീതി ഹാജി മരണമടഞ്ഞത്. 1991 ല്‍ കെ.കെ അബുവും, 1996 ല്‍ പി.കെ.കെ ബാവയും 2001ല്‍ കെ.എൻ.എ ഖാദറും കൊണ്ടോട്ടിയില്‍ നിന്ന് ലീഗ് ടിക്കറ്റില്‍ നിയമസഭയിലെത്തി. 2006, 2011 തെരഞ്ഞെടുപ്പില്‍ കെ. മുഹമ്മദുണ്ണിക്കായിരുന്നു ജയം. 2016 ല്‍ മത്സരിച്ച മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി ടി.വി ഇബ്രാഹിമും കൊണ്ടോട്ടിയില്‍ നിന്ന് ജയിച്ചു.