മലപ്പുറം :തൃക്കളയൂരുകാരുടെ പ്രിയപ്പെട്ട കൊളക്കാടൻ മിനി എന്ന പിടിയാന ചെരിഞ്ഞത് ഇടിമിന്നലേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ബുധനാഴ്‌ച രാത്രി പഴംപറമ്പ് തൃക്കളയൂർ ക്ഷേത്രത്തിന് സമീപം തളച്ചിരുന്ന സ്ഥലത്ത് വെച്ചാണ് മിനിക്ക് ഇടിമിന്നലേറ്റത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് മിനിയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
കുനിയിൽ സ്വദേശി കൊളക്കാടൻ നാസർ ആണ് 48 വയസുള്ള മിനിയുടെ ഉടമ. കഴിഞ്ഞ 30 വർഷമായി നാസറും പാപ്പാനും ആണ് മിനിയെ പരിപാലിച്ചുവന്നിരുന്നത്. വളരെയധികം ആത്മബന്ധമായിരുന്നു നാസറിന്‍റെ കുടുംബവുമായും പാപ്പാനുമായും മിനിക്ക് ഉണ്ടായിരുന്നത്. തൃക്കളയൂർ പ്രദേശവാസികളുടെയും പ്രിയ ആനയായിരുന്നു.
നിരവധി പൂരപ്പറമ്പുകളിൽ നെറ്റിപ്പട്ടം കെട്ടിയ മിനിയെ കാണാൻ ആനപ്രേമികൾ പഴംപറമ്പിൽ എത്തുന്നതും പതിവായിരുന്നു. നാസറും മിനിയും നേരത്തേയും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഭക്ഷണം കൊടുക്കാൻ ശ്രമിച്ച കുട്ടിയെ കൊളക്കാടൻ മിനി തുമ്പിക്കൈയിലെടുത്ത് ആക്രമിക്കാനാഞ്ഞ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
READ MORE:കൊളക്കാടന്‍ നാസറിന്‍റെ മിനി ഇനിയില്ല ; ചെരിഞ്ഞത് കുഞ്ഞിനെ ആക്രമിക്കാനാഞ്ഞ് ദൃശ്യം പ്രചരിച്ച ആന
തൃക്കളയൂർ ക്ഷേത്രപരിസരത്ത് പൊതുദർശനത്തിനുവെച്ച മിനിയുടെ മൃതദേഹം കാണാൻ ആനപ്രേമികളും നാട്ടുകാരുമടക്കം നൂറുകണക്കിന് ആളുകളാണ് എത്തിയത്. നിലമ്പൂരിൽ നിന്നെത്തിയ സോഷ്യൽ ഫോറസ്റ്റ് റേഞ്ചർ എ.കെ രാജീവന്‍റെ നേതൃത്വത്തിലാണ് മിനിയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.