മലപ്പുറം :20 വയസുകാരൻ ഒറ്റയ്ക്ക് കശ്മീരിലേക്ക് കാല്‍നടയായി യാത്ര ചെയ്യുന്നു. നിലമ്പൂർ സ്വദേശി മുഹമ്മദ് സനീറാണ് തന്‍റെ സ്വപ്ന യാത്ര തുടങ്ങിയിരിക്കുന്നത്. സനീറിന്‍റെ മൂന്ന് വർഷമായുള്ള ആഗ്രഹം കൂടിയാണ് യാഥാർഥ്യമാകാന്‍ പോകുന്നത്.
യാത്രയോടുള്ള ഈ യുവാവിന്‍റെ അടങ്ങാത്ത അഭിനിവേശമാണ് ഈ യാത്രയ്ക്ക് കാരണമായതും. 3,200 കിലോമീറ്റർ ദൂരം നാലുമാസം കൊണ്ട് പിന്നിടുകയാണ് ലക്ഷ്യം. പിന്നിടുന്ന വഴികളിലെ കാഴ്ചകളും അനുഭവങ്ങളും ആസ്വദിക്കുകയാണ് സ്വപ്നം.
പെട്രോൾ വിലവർധനവ് കാൽനടയാത്രയിലെത്തിച്ചു
ആദ്യം ബൈക്കിൽ പോകാം എന്നാണ് കരുതിയിരുന്നത്. പക്ഷേ പെട്രോൾ വില സമ്മതിച്ചില്ല. പിന്നീട് സൈക്കിളില്‍ പോകാമെന്നായപ്പോൾ അതിന്‍റെ വിലയും താങ്ങാനായില്ല.
അവസാനം രണ്ടും കൽപ്പിച്ച് നടന്നുപോകാം എന്ന് തീരുമാനിക്കുകയായിരുന്നു. ആഗ്രഹം വീട്ടുകാരോട് പങ്കുവച്ചപ്പോള്‍, തമാശ പറയുകയാണെന്ന് വിചാരിച്ച രക്ഷിതാക്കൾ പിന്നീട് സനീറിന്‍റെ വാശിക്ക് മുന്നിൽ സമ്മതം മൂളി.