കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൂമ്പാറ വാർഡില്‍ വോട്ടിങ് ആരംഭിച്ചു. വാര്‍ഡ് പ്രതിനിധി ലിന്‍റോ ജോസഫ് നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ തവണ 212 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലിന്‍റോ ജോസഫ് വിജയിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചതോടെ ലിന്‍റോ ജോസഫ് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജി വെക്കുകയും വാർഡിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയുമായിരുന്നു.
വാര്‍ഡ് നിലനിര്‍ത്താന്‍ എല്‍ഡിഎഫ്
കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും വാർഡിൽ നിന്ന് ജയിച്ചുകയറാമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി ആദർശ് ജോസഫ്. എൽഡിഎഫിലെ മുതിർന്ന നേതാക്കള്‍ വാർഡിൽ ക്യാമ്പ് ചെയ്‌ത് പ്രവർത്തിച്ചിരുന്നു.
കൂമ്പാറ വാർഡ് നിലനിർത്താന്‍ ഇടതു മുന്നണി, പിടിച്ചടക്കാന്‍ യുഡിഎഫ് വാർഡിൽ നിർണായക സ്വാധീനമുള്ള കേരള കോൺഗ്രസ് ഇത്തവണ ഇടതുമുന്നണിയിലാണെന്നതും ഉറച്ച വിജയ സാധ്യതയായി എൽഡിഎഫ് കരുതുന്നുണ്ട്. ലിന്‍റോ ജോസഫ് തുടങ്ങി വെച്ച വികസന പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഇടത് സ്ഥാനാർഥി ആദർശ് ജോസഫ് പറഞ്ഞു.
യുഡിഎഫിന് റിബല്‍ സ്ഥാനാര്‍ഥികളില്ല
മുൻ ഡിവൈഎഫ്‌ഐ നേതാവും നാട്ടുകാരനായ സുനേഷ് ജോസഫിനെയാണ് യുഡിഎഫ് ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത്. നാട്ടുകാരനാണെന്നതും വർഷങ്ങളായുള്ള പൊതു പ്രവർത്തന പരിചയവും ഇത്തവണ തുണയാവുമെന്നാണ് യുഡിഎഫ് ക്യാമ്പ് വിശ്വസിക്കുന്നത്.
ഇത്തവണ റിബൽ സ്ഥാനാർഥികളിലെന്നതും അനുകൂലമാവുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. കഴിഞ്ഞ തവണ യുഡിഎഫിന്‍റെ ഔദ്യോഗിക സ്ഥാനാർത്ഥിയായിരുന്ന കേരള കോൺഗ്രസിലെ ജോൺസൺ കുളത്തിങ്കലിനെതിരെ യുഡിഎഫിലെ മൂന്നു റിബൽ സ്ഥാനാർഥികളും വാർഡിൽ മത്സര രംഗത്തുണ്ടായിരുന്നു.
കൂമ്പാറയിലെ പാരിസ്ഥിതിക, കുടിവെള്ള പ്രശ്‌നങ്ങള്‍ ചർച്ചയാക്കി യുഡിഎഫിന്‍റെ പ്രചാരണം മുന്നോട്ടു പോകുമ്പോള്‍ കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളാണ് ബിജെപിയുടെ പ്രധാന ചര്‍ച്ച വിഷയം. ഇത്തവണ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന ആത്മ വിശ്വാസത്തിലാണ് ബിജെപി.
മലപ്പുറത്ത് അഞ്ചിടത്ത് ഉപതെരഞ്ഞെടുപ്പ്
മലപ്പുറം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചു. തിരുവാലി ഗ്രാമപഞ്ചായത്തിലെ കണ്ടമംഗലം വാര്‍ഡ്, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വഴക്കോട് വാര്‍ഡ്, പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചിനിക്കൽ വാര്‍ഡ്, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കാച്ചിനിക്കാട് വാര്‍ഡ്, കാലടി ഗ്രാമപഞ്ചായത്തിലെ ചാലപ്പുറം വാര്‍ഡ് എന്നിവിടങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
Also read: by-election : വെട്ടുകാട് തദേശ ഉപതെരഞ്ഞെടുപ്പ്; ഇഞ്ചോടിഞ്ച് പോരാട്ടം, അഭിമാന പോരിന് മുന്നണികള്‍