മലപ്പുറം:ചാലിയാറിന്‍റെ കൈവഴിയായ കരിമ്പുഴയിലും കാഞ്ഞിരപ്പുഴയിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മലപ്പുറം ജില്ലയിൽ നിർദേശം. നീലഗിരി, അവലാഞ്ചെ, അപ്പര്‍ ഗൂഡല്ലൂര്‍, ദേവാല, പന്തലൂര്‍ പ്രദേശങ്ങളില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കരിമ്പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. കരുളായി, ചുങ്കത്തറ, മൂത്തേടം പഞ്ചായത്തുകളില്‍ കരിമ്പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. നദീതീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടികള്‍ തുടങ്ങിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
പുഴകള്‍ കരകവിയുന്നു; മലപ്പുറത്ത് കനത്ത ജാഗ്രത
നദീതീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടികള്‍ തുടങ്ങി. പലയിടങ്ങളിലും ക്യാമ്പുകളും ആരംഭിച്ചു.
ചാലിയാറിന്‍റെ മറ്റൊരു കൈവഴിയായ കാഞ്ഞിരപ്പുഴയിലും ഗുരുതര സാഹചര്യമാണ്. ജലനിരപ്പ് ഉയരുന്നതിനാല്‍ കുറമ്പലങ്ങാട്, അകമ്പാടം വില്ലേജുകളില്‍ പുഴയുടെ തീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി തുടങ്ങി. പലയിടങ്ങളിലും ക്യാമ്പുകളും ആരംഭിച്ചു. ചാലിയാറിന്‍റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുകയും കൈവഴികളില്‍ ജലനിരപ്പ് ഉയരുകയും ചെയ്യുന്നുണ്ട്. കേന്ദ്രകാലാവസ്ഥാവകുപ്പ് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ നിലമ്പൂര്‍ മുനിസിപ്പാലിറ്റി, പോത്തുകല്ല്, ചുങ്കത്തറ, ചാലിയാര്‍, മമ്പാട്, എടവണ്ണ, കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി, അരീക്കോട്, ചീക്കോട്, വാഴക്കാട് പഞ്ചായത്തുകളില്‍ ചാലിയാറിന്‍റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.