മലപ്പുറം:സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി മൂർക്കനാട് സബ് രജിസ്‌ട്രാർ ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. മുഖ്യമന്ത്രിയുടെ ഓഫിസ് അഴിമതിക്കാർകും കള്ളകടത്തുകാര്‍ക്കും ഒളിതാവളമൊരുക്കുകയും അവരെ സംരക്ഷിക്കുകയുമാണ് ചെയ്യുന്നതെന്ന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് വി.കെ ഫൈസൽ ബാബു പറഞ്ഞു.
സ്വര്‍ണക്കടത്ത്; മുഖ്യമന്ത്രി രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് - മുസ്‌ലിം യൂത്ത് ലീഗ്
മൂർക്കനാട് സബ് രജിസ്‌ട്രാർ ഓഫിസിലേക്ക് മാർച്ചും ധർണ്ണയും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് വി.കെ ഫൈസൽ ബാബു ഉദ്‌ഘാടനം ചെയ്‌തു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫിസിനും അദ്ദേഹത്തിന്‍റെ ഓഫിസിലെ ഉദ്യോഗസ്ഥന്മാർക്കും സ്വര്‍ണക്കടത്തുമായി നേരിട്ട് ബന്ധമുണ്ട് എന്ന് തെളിവ് സഹിതം പുറത്തു വന്നതിന്‍റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെച്ച് സ്വതന്ത്ര അന്വേഷണം നേരിടണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കൊവിഡിന്‍റെ മറപിടിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളക്കടത്തിന് കൂട്ടുനിൽക്കുകയാണെന്നും അതിനെതിരെ സമരം ചെയ്യുന്നവരെ കൊവിഡ് പരത്തുന്നവർ ആണെന്ന് അപഹസിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട് ധിക്കാരവും ജനാധിപത്യ വിരുദ്ധമാണെന്ന് ഫൈസൽ ബാബു പറഞ്ഞു. കൊളത്തൂർ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് സബ് രജിസ്റ്റാർ ഓഫിസിനു മുൻപിൽ പൊലീസ് തടഞ്ഞു.