മലപ്പുറം : കളിക്കുന്നതിനിടെ ഇഡ്ഡലിത്തട്ടില്‍ കൈവിരൽ കുടുങ്ങിയ ഒന്നരവയസുകാരന് രക്ഷകരായി മലപ്പുറം ഫയര്‍ഫോഴ്‌സ്. മമ്പാട് സ്വദേശി കപ്പയിൽ വീട്ടിൽ സഞ്ജു ആൻഡ്രു -നിസ്സി ദമ്പതികളുടെ മകൻ ബ്രിസ്റ്റണിന്‍റെ (ഒന്നര വയസ്) വിരലാണ് കുടുങ്ങിയത്.
ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. അടുക്കളയിൽ കളിക്കുന്നതിനിടയിൽ കുട്ടിയുടെ കരച്ചിൽ കേട്ട് നോക്കുമ്പോഴാണ് ഇഡ്ഡലി തട്ടിനുള്ളിൽ വിരൽ കുടുങ്ങിയത് ശ്രദ്ധയിൽ പെട്ടത്. കൈവിരൽ പുറത്തെടുക്കാൻ വീട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടത്തോടെ നിലമ്പൂർ ഫയർസ്റ്റേഷനിലേക്ക് വിളിച്ചു.
ഇഡ്ഡലിത്തട്ടില്‍ കുഞ്ഞിന്‍റെ വിരല്‍ കുടുങ്ങി ; രക്ഷകരായി ഫയർ ഫോഴ്‌സ് also read: കിണറ്റിൽ വീണ ആട്ടിൻകുട്ടിയുടെ ജീവൻ രക്ഷിച്ച് ഫയർഫോഴ്‌സ്
അവരുടെ നിർദേശപ്രകാരം കുട്ടിയെയുമായി മഞ്ചേരി ഫയർ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. ഇതേസമയം ആവശ്യമായ ഉപകരണങ്ങളുമായി മലപ്പുറം അഗ്നിരക്ഷാ സേനാംഗങ്ങൾ മഞ്ചേരി സ്റ്റേഷനിൽ എത്തി. ഇലക്ട്രിക് കട്ടർ, ഷിയേഴ്‌സ് എന്നീ ഉപകരണങ്ങൾ ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് ഇഡ്ഡലിത്തട്ട് മുറിച്ചുമാറ്റി പരിക്കൊന്നുമേൽക്കാതെ കുട്ടിയെ രക്ഷപ്പെടുത്തിയത്.
സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ ബി. വിജയകുമാർ, സേനാംഗങ്ങളായ എ. ലിജു, ടി. പി. ബിജേഷ്, വി. പി. നിഷാദ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.