കേരളം

kerala

ETV Bharat / city

വ്യാജരേഖ നിര്‍മിച്ച് സഹായം മുടക്കി; പഞ്ചായത്തംഗം അറസ്റ്റില്‍

സ്വന്തമായി വീടില്ലാത്ത വലമ്പൂര്‍ സ്വദേശിക്ക് വീടുണ്ടെന്ന വ്യാജ സർട്ടിഫിക്കറ്റ് നൽകി പട്ടികജാതി വികസന വകുപ്പിന്‍റെ സഹായം മുടക്കിയെന്നാണ് കേസ്. രണ്ടുവർഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനെതിരെ കേസെടുത്തത്.

By

Published : Sep 28, 2020, 8:08 PM IST

വ്യാജരേഖ ചമച്ച കേസ്  അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തംഗം  fake document case  cpm leader arrested  പെരിന്തൽമണ്ണ ഡിവൈഎസ്‌പി  പട്ടികജാതി വികസന വകുപ്പിന്‍റെ സഹായം മുടക്കി
വ്യാജരേഖ നിര്‍മിച്ച് സഹായം മുടക്കി; പഞ്ചായത്തംഗം അറസ്റ്റില്‍

മലപ്പുറം:വ്യാജ സർട്ടിഫിക്കറ്റ് നൽകി ഭവന നിർമാണത്തിനുള്ള പട്ടികജാതി വികസന വകുപ്പിന്‍റെ സഹായം മുടക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനും സിപിഎം നേതാവുമായ അബ്ദുൽ അസീസിനെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി തള്ളിയതിന് പിന്നാലെയാണ് പ്രതിയെ പെരിന്തൽമണ്ണ ഡിവൈഎസ്‌പി അറസ്റ്റ് ചെയ്തത്.

സ്വന്തമായി വീടില്ലാത്ത വലമ്പൂര്‍ സ്വദേശി രാവുണ്ണിക്ക് വീടുണ്ടെന്ന വ്യാജ സർട്ടിഫിക്കറ്റ് നൽകി സഹായം മുടക്കാനാണ് പ്രതി ശ്രമിച്ചത്. രാവുണ്ണിക്ക് പിന്നാലെ അപേക്ഷ നല്‍കിയവര്‍ക്ക് ആനുകൂല്യം ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. രാവുണ്ണിക്ക് വീടുണ്ടെന്ന് ചൂണ്ടിക്കാട്ടി അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിൽ നിന്ന് പെരിന്തൽമണ്ണ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലേക്കാണ് കത്ത് ലഭിച്ചത്. തുടര്‍ന്ന് വിവരാവകാശ നിയമ പ്രകാരം അന്വേഷിച്ചപ്പോഴാണ് പഞ്ചായത്ത് കത്ത് നല്‍കിയിട്ടില്ലെന്ന് അറിയുന്നത്. ജില്ലാ പൊലീസ് സൂപ്രണ്ട്, ജില്ലാ കലക്ടർ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി രണ്ടുവർഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് വിപി അബ്ദുൽ അസീസിനെ പ്രതിചേർത്തു പൊലീസ് കേസെടുത്തത്. വ്യാജരേഖ ചമയ്ക്കൽ, പട്ടികജാതി ജാതി -പട്ടിക വർഗ വിഭാഗങ്ങളോടുള്ള അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഇയാളെ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായുള്ള മഞ്ചേരിയിലെ പ്രത്യേക കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ABOUT THE AUTHOR

...view details