മലപ്പുറം: കെ റെയിൽ കേരളത്തെ വിഭജിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദം തള്ളി മെട്രോമാൻ ഇ.ശ്രീധരൻ. കെ റെയിലിനായി 393 കിലോമീറ്റർ ഭിത്തി കെട്ടേണ്ടിവരും. സിൽവർ ലൈനിൽ മുഖ്യമന്ത്രി പിടിവാശി കാണിക്കുന്നു. നാടിന് ആവശ്യമുള്ള പദ്ധതികൾ ചെയ്യാതെ സിൽവർ ലൈനുമായി മുന്നോട്ട് പോകുന്നത് പദ്ധതിയിൽ സർക്കാരിന് ഹിഡൻ അജണ്ട ഉള്ളതുകൊണ്ടാണെന്നും ഇ.ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
നിലത്ത് കൂടിയുള്ള അതിവേഗ പാതയ്ക്ക് കേരളം യോജ്യമല്ല. ആകാശപാതയാണ് കേരളത്തിന് അനുയോജ്യം. റെയിൽവേ പദ്ധതി കേന്ദ്ര സർക്കാരിൻ്റെ അനുമതിയില്ലാതെ നടപ്പാക്കാനാവില്ല. കേന്ദ്ര സർക്കാർ അനുമതി നൽകുമെന്ന് തോന്നുന്നില്ല. പദ്ധതിയുടെ ദോഷവശങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഇ. ശ്രീധരൻ പറഞ്ഞു.