മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രഹസ്യമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഏഴ് കിലോ സ്വര്‍ണവുമായി ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍. ദുബായില്‍ നിന്നെത്തിയ പെരിന്തൽമണ്ണ അമ്മിണിക്കാട് സ്വദേശികളായ അബ്‌ദുല്‍ സമദ്, സഫ്‌ന എന്നിവരാണ് പിടിയിലായത്. കാലില്‍ വച്ച് കെട്ടിയ നിലയിലും അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു സ്വര്‍ണം.
സഫ്‌ന അഞ്ച് മാസം ഗർഭിണിയാണ്. ഗർഭിണിയായത് കൊണ്ട് പരിശോധനയിൽ ഇളവുകിട്ടുമെന്ന ധാരണയെ തുടർന്നാണ് ഇത്രയുമധികം സ്വർണം കടത്താൻ ശ്രമിച്ചതെന്നാണ് സൂചന. അടുത്ത കാലത്തായി കരിപ്പൂര്‍ വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്വര്‍ണ വേട്ടയാണിത്. തുടർച്ചയായ രണ്ടാം ദിവസമാണ് കരിപ്പൂരിൽ നിന്നും സ്വർണം പിടികൂടുന്നത്. കഴിഞ്ഞ ദിവസം മൂന്നേ കാൽ കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയിരുന്നു.