മലപ്പുറം: മുസ്‌ലിം ലീഗിനെതിരെ ഉയര്‍ന്ന വിവാദം സിപിഎം സൃഷ്‌ടിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സർക്കാരിന്‍റെ മുസ്‌ലിം വിരുദ്ധ നിലപാടുകൾക്കെതിരെ ഉയർന്ന പ്രതിഷേധം മറികടക്കാനും ശ്രദ്ധ തിരിച്ച് വിടാനും വേണ്ടിയാണ് സിപിഎം ശ്രമിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
വെല്ലുവിളികളെ അതിജയിച്ച പ്രസ്ഥാനമാണ് മുസ്‌ലിം ലീഗെന്നും ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ശ്രമങ്ങളെ പാർട്ടി ഒറ്റക്കെട്ടായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈന്‍ അലി തങ്ങള്‍ ആരോപണം ഉന്നയിച്ചതിന് ശേഷം ഇതാദ്യമായാണ് കുഞ്ഞാലിക്കുട്ടി പരസ്യ പ്രതികരണം നടത്തുന്നത്.
സിപിഎമ്മിന് വിമര്‍ശനം
സമുദായത്തിന് വേണ്ടി കപട സ്നേഹം നടിക്കുന്നവരെ തിരിച്ചറിയണം. ഉള്ളും പുറവും ഒരു പോലെയുള്ള പാർട്ടിയാണ് ലീഗ്. ഭരണക്ഷത്തായാലും പ്രതിപക്ഷത്തായാലും സമൂഹത്തിൽ വിഭാഗീയതയുണ്ടാക്കാൻ ലീഗ് ശ്രമിച്ചിട്ടില്ല.
സമുദായത്തിന്‍റെ അവകാശങ്ങൾക്കും അവശ വിഭാഗങ്ങളുടെ ഉയർച്ചക്കും വേണ്ടി ലീഗ് ഉറക്കെ പറഞ്ഞുകൊണ്ടിരിക്കും. ഇത് പറയുമ്പോൾ പാർട്ടിയെ പ്രതിരോധത്തിലാക്കാൻ രാഷ്ട്രീയ എതിരാളികൾ വിവാദങ്ങളുമായി രംഗത്ത് വരും. അവർ തീർക്കുന്ന കെണിയിൽ വീഴാതെ സൂക്ഷിക്കുക എന്നതും സംഘടനാപരമായ അച്ചടക്കവും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
മുഈന്‍ അലിയുടെ ആരോപണം
പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യ വിമർശനവുമായി ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈന്‍ അലി രംഗത്ത് വന്നതോടെയാണ് വിവാദത്തിന് തുടക്കമാകുന്നത്. ചന്ദ്രിക പണമിടപാടുമായി ബന്ധപ്പെട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇഡിയുടെ നോട്ടീസ് ലഭിക്കാന്‍ കാരണം പി.കെ കുഞ്ഞാലിക്കുട്ടിയാണെന്നായിരുന്നു മുഈന്‍ അലിയുടെ ആരോപണം. 40 വർഷമായി ഫണ്ട് മുഴുവൻ കൈകാര്യം ചെയ്യുന്നത് കുഞ്ഞാലികുട്ടിയാണെന്നും പാർട്ടി ഒരാളിലേക്ക് കേന്ദ്രീകരിച്ചുവെന്നും മുഈൻ അലി ആരോപിച്ചിരുന്നു.
Read more: മുഈനലി തങ്ങള്‍ക്കെതിരെ ഇപ്പോള്‍ നടപടിയില്ല; റാഫിക്ക് സസ്‌പെന്‍ഷന്‍; മുസ്ലിം ലീഗ് ഉന്നതാധികാര യോഗം