മലപ്പുറത്ത് വീണ്ടും കൊവിഡ് മരണം - കൊവിഡ് വാര്‍ത്തകള്‍
ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി.

മലപ്പുറം: ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. പെരിന്തൽമണ്ണ സ്വദേശി മൊയ്ദൂപ്പയാണ് (82) മരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇയാൾ രോഗബാധിതനായത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരായി മരണമടഞ്ഞവരുടെ എണ്ണം 20 ആയി. പനിയും ശ്വാസംതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ജൂലൈ 30നാണ് മൊയ്ദൂപ്പയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. സ്രവ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് ഐസിയുവിലേക്ക് മാറ്റി. ക്രിട്ടിക്കല്‍ കെയര്‍ ടീമിന്‍റെ പരിശോധനയില്‍ കൊവിഡ് ന്യൂമോണിയ, അക്യൂട്ട് റെസ്‌പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങൾ പ്രവർത്തന രഹിതമാവുന്ന മൾട്ടി ഓർഗൻ ഡിസ്‌ഫങ്ഷൻ എന്നിവ കണ്ടെത്തി. രോഗിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ഇഞ്ചക്ഷന്‍ ടോസിലിസുമാബ് എന്നിവ നൽകി. രോഗിയുടെ നില വീണ്ടും വഷളായതോടെ ഇൻവേസീവ് വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ചികിത്സയോട് പ്രതികരിക്കാതെ ഓഗസ്റ്റ് 11ന് രാവിലെ രോഗി മരണത്തിന് കീഴടങ്ങി.