കേരളം

kerala

ETV Bharat / city

കൊറോണ; മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക്  കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചു

ചൈനയില്‍നിന്നു തിരിച്ചെത്തുന്നവരുടെയും ആശുപത്രിയില്‍ നിരീക്ഷണത്തിലെത്തുന്നവരുടെയും എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്

corona meeting  corona in kerala news  malappuram news  മലപ്പുറം വാര്‍ത്തകള്‍  കൊറോണ വാര്‍ത്തകള്‍
കൊറോണ; മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോക്ടര്‍മാരുള്‍പ്പെടെ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചു

By

Published : Feb 7, 2020, 3:20 PM IST

മലപ്പുറം :കൊറോണ വൈറസ് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് ജില്ലയില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചു. പ്രധാന ഐസൊലേഷന്‍ വാര്‍ഡുള്ള മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലേക്ക് നാല് ഡോക്ടര്‍മാരേയും എട്ടു നഴ്‌സുമാരേയും കൂടുതലായി നിയോഗിച്ചു. തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മൂന്നു നഴ്‌സുമാരേയും ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്ന കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നാല് ഡോക്ടര്‍മാരേയും എട്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരേയും അധികമായി നിയോഗിച്ചു.

ആവശ്യഘട്ടങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരുടേയും മറ്റു ജീവനക്കാരുടെയും സേവനം ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്കിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണ പ്രതിരോധ മുഖ്യസമിതിയുടെ അവലോകന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

ജില്ലയിലിപ്പോള്‍ 369 പേരാണ് ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക നിരീക്ഷണത്തിലുള്ളത്. 23 പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലും ഒരാള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലുമാണ്. 345 പേര്‍ വീടുകളില്‍ പ്രത്യേക നിരീക്ഷണത്തിലും കഴിയുന്നു. 15 പേരെയാണ് പ്രത്യേകം നിരീക്ഷിച്ചുവരുന്നത്. ഇതില്‍ രണ്ടുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും 13 പേര്‍ വീടുകളിലുമാണ്. സ്രവ പരിശോധന ഫലത്തില്‍ രോഗബാധയില്ലെന്നു സ്ഥിരീകരിച്ച ഒരാള്‍ ആശുപത്രി വിട്ടു. വീടുകളില്‍ കഴിയുന്ന നാലുപേരെക്കൂടി 28 ദിവസ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. ഇതോടെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയവരുടെ എണ്ണം 27 ആയി. ജില്ലയില്‍ ഇതുവരെ പരിശോധനക്കയച്ച 29 സാമ്പിളുകളില്‍ 21 എണ്ണത്തിന്‍റെ ആദ്യഘട്ട ഫലത്തില്‍ വൈറസ് ബാധയില്ലെന്നു കണ്ടെത്തി. ആദ്യഘട്ട ഫലം ലഭിച്ചവയടക്കം 21 സാമ്പിളുകളാണ് രണ്ടാം ഘട്ട പരിശോധനക്കയച്ചത്. ഇതില്‍ ഫലം ലഭ്യമായ ആറു സാമ്പിളുകളില്‍ രോഗബാധയില്ലെന്ന് പൂര്‍ണ്ണമായി സ്ഥിരീകരിച്ചു.

വൈറസ് ബാധ പ്രധാന വെല്ലുവിളി തീര്‍ക്കുന്ന ചൈനയില്‍നിന്ന് ജില്ലയിലേക്കുള്ള യാത്രക്കാര്‍ കുറയുകയാണ്.ഫെബ്രുവരി ഒന്നിന് 106 പേരാണ് ചൈനയില്‍നിന്നെത്തിയതായി റിപ്പോര്‍ട്ടു ചെയ്തത്. ഫെബ്രുവരി രണ്ടിന് 50 പേരും മൂന്നിന് 28 പേരും നാലിന് 14 പേരുമാണ് തിരിച്ചെത്തിയത്. അഞ്ചിന് 26 പേര്‍ ജില്ലയിലെത്തിയപ്പോള്‍ ഇന്നലെ എത്തിയത് 13 പേരാണ്. ഫെബ്രുവരി രണ്ടിന് ഏഴുപേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. മൂന്നാം തീയ്യതി അഞ്ച്, നാലാം തീയ്യതി ആറ്, അഞ്ചാം തീയ്യതി മൂന്ന്, ഇന്നലെ മൂന്നുപേര്‍ എന്നിങ്ങനെയാണ് ആശുപത്രികളില്‍ നിരീക്ഷണമേര്‍പ്പെടുത്തിയവരുടെ എണ്ണം. രോഗബാധിത പ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണെന്ന് യോഗം വിലയിരുത്തി.

നിരീക്ഷണത്തിലുള്ളവരുടേയും കുടുംബാംഗങ്ങളുടെയും മാനസിക സമ്മര്‍ദ്ദം കുറക്കാനുള്ള കൗണ്‍സിലിങ് ഊര്‍ജ്ജിതമാക്കി. ഇന്നലെ 260 പേര്‍ക്കു കൗണ്‍സിലിങ് സൗകര്യം ലഭ്യമാക്കി. വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണ പരിപാടികളും കൊറോണ പ്രതിരോധ ജില്ലാതല മുഖ്യ സമിതി വിലയിരുത്തി. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജു, അസിസ്റ്റന്‍റ് കലക്ടര്‍ രാജീവ്കുമാര്‍ ചൗധരി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്‍, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details