മലപ്പുറം: പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായതു പോലുള്ള സമഗ്രമാറ്റം ഉന്നത വിദ്യാഭ്യാസ രംഗത്തും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പശ്ചാത്തല വികസനം സാധ്യമാക്കിയെന്നും അക്കാദമിക രംഗത്ത് മികച്ച വളര്‍ച്ചയാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ വിദ്യാര്‍ഥികളുമായി ' നവകേരളം യുവകേരളം ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഭാവി' എന്ന വിഷയത്തില്‍ സംവദിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍വ്വകലാശാലകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. വ്യവസായ സ്ഥാപനങ്ങള്‍ക്കാവശ്യമായ കോഴ്‌സുകള്‍ക്ക് രൂപം കൊടുക്കും. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രത്യേകമായ സംവിധാനങ്ങളൊരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആവശ്യമായ പുതിയ കോഴ്‌സുകള്‍ തുടങ്ങിയാല്‍ വിദ്യാര്‍ഥികള്‍ കേരളത്തിന് പുറത്തുപോയി പഠിക്കുന്നതിന് മാറ്റം വരും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ ഇന്‍റര്‍ ഡിസിപ്ലിനറി കോഴ്‌സുകള്‍ കൂടി തുടങ്ങും. സര്‍വകലാശാലകളില്‍ എല്ലാ സമയവും വിദ്യാര്‍ഥികള്‍ക്ക് ലൈബ്രറികളും ലാബുകളും ഉപയോഗിക്കാന്‍ സൗകര്യമൊരുക്കണം. അതിന് ക്യാമ്പസ് ആ നിലയ്ക്ക് മാറണം. വിദ്യാഭ്യാസഗവേഷണ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് ക്യാമ്പസുകളില്‍ താമസ സൗകര്യവും സജ്ജീകരിക്കാനാകണം. ഉയര്‍ന്ന യോഗ്യതയുള്ള ഫാക്കല്‍റ്റികള്‍, അക്കാദമിക വിദഗ്ധര്‍ യൂണിവേഴ്‌സിറ്റികളിലുണ്ടാകണം. ഇതിനെല്ലാം യൂണിവേഴ്‌സിറ്റികള്‍ നല്ല നിലയില്‍ സജ്ജമാകേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖല നല്ല നിലയില്‍ ശ്രദ്ധിക്കപ്പെടേണ്ടതിനാല്‍ ഒട്ടേറെ നൂതന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ മേഖലയില്‍ മാതൃകാപരമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. 2016 ല്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്കായിരുന്നുവെന്നങ്കില്‍ ഇപ്പോള്‍ പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ഥികളുടെ ഒഴുക്കാണ്. 6,80,000 വിദ്യാര്‍ഥികളാണ് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് പുതുതായി വന്നത്. സമാനമായ സമഗ്രമാറ്റമാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലും ലക്ഷ്യമിടുന്നത്. നാടിന്‍റെ വികസന കാര്യത്തില്‍ സ്വപ്‌നങ്ങളുള്ളവര്‍ എന്ന നിലയിലാണ് വിദ്യാര്‍ഥികളുടെ കൂടി നിര്‍ദേശങ്ങള്‍ തേടിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.