മലപ്പുറം: ചാലിയാറിലെ ഓണക്കിറ്റ് പച്ചക്കറി വിതരണത്തില്‍ അഴിമതിയുണ്ടെന്ന ആരോപണം നിഷേധിച്ച് കൃഷി ഓഫിസര്‍. ഓണം സമൃദ്ധി പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിലാണ് കൃഷി ഓഫിസറുടെ മറുപടി. ഇതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് ചാലിയാർ കൃഷി ഓഫിസർ എം. ഉമ്മർകോയ പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പുകാരായ കേരഗ്രാമം സമിതി പച്ചക്കറി കിറ്റിൽ അഴിമതി നടത്തിയെന്ന് സോഷ്യൽ മീഡിയിൽ വീഡിയോ പ്രചരിച്ചിരുന്നു.
ചാലിയാര്‍ ഓണക്കിറ്റ് വിതരണം; അഴിമതി ആരോപണം തള്ളി അധികൃതര്‍ - ചാലിയാര്‍ പഞ്ചായത്ത്
പച്ചക്കറി കിറ്റ് വിതരണത്തില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, കൃഷി ഓഫിസര്‍, കേരഗ്രാമം പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രതികരിച്ചു.
കേരഗ്രാമം സമിതി ഭാരവാഹികളാണ് കിറ്റ് നിറക്കുന്നതിനും വീടുകളിൽ എത്തിക്കുന്നതിനും, സാധനങ്ങൾ തൂക്കുന്നതിനുമെല്ലാം മുൻ നിരയിൽ പ്രവർത്തിച്ചത്. അവർ തന്നെ ഇത് സുതാര്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഓണകാലത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിൽ എത്തിച്ച 600 ഓളം കിറ്റുകളിലും അളവിൽ കൂടുതല്ലാതെ കുറവ് വന്നിട്ടില്ല. നേന്ത്രകുലകളും, ചേനയും, കറിവേപ്പ് ഇലയുമല്ലാത്തവ സർക്കാർ നിർദ്ദേശപ്രകാരം ഹോർട്ടി കോർപ്പിൽ നിന്നുമാണ് വാങ്ങിയതെന്നും കൃഷി ഓഫിസർ പറഞ്ഞു. അതേസമയം പ്രതികരണവുമായി കേരഗ്രാമം പ്രവര്‍ത്തകരും രംഗത്തെത്തി. ഒമ്പത് കിറ്റുകളിൽ മാത്രമാണ് വിഭവങ്ങളുടെ കുറവ് വന്നത്. ഇവർക്ക് പണവും തിരിച്ച് നൽകി. മറ്റെല്ലാ കിറ്റുകളും കൃത്യമായാണ് വിതരണം ചെയ്‌തത്. നല്ല രീതിയിൽ നടന്ന ഓണ കിറ്റ് പച്ചക്കറി വിതരണത്തെ അഴിമതിയുടെ പേരിൽ മോശമാക്കാൻ അനുവദിക്കില്ലെന്നും കേരഗ്രാമം സമിതി സെക്രട്ടറി ജോസഫ് ആന്‍റണി പറഞ്ഞു. കേരഗ്രാമം സമിതി ഭാരവാഹികളുടെ നേതൃത്വത്തിലാണ് മൂന്ന് വർഷമായി ഓണം പച്ചക്കറി കിറ്റുകൾ നൽകുന്നത്. അവർ ഇക്കാര്യത്തിൽ വളരെ മികച്ച സേവനമാണ് നടത്തുന്നതെന്നും മറ്റ് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി ഉസ്‌മാൻ പറഞ്ഞു.